ലഖ്‌നൗ- 2013ല്‍ മുസഫര്‍നഗറിലുണ്ടായ കലാപത്തില്‍ പങ്കുള്ള മൂന്ന് ബിജെപി എംഎല്‍എമാര്‍ക്കും മറ്റു നേതാക്കള്‍ക്കുമെതിരായ കേസ് പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള അപേക്ഷ ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ നടന്ന കലാപത്തിന് തിരികൊളുത്തിയ മുസഫര്‍നഗറിലെ നഗ്ല മന്‍ഡോര്‍ ഗ്രാമത്തില്‍ ജാട്ട് സമുദായക്കാര്‍ വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തില്‍ പ്രകോപനപരമായി പ്രസംഗിക്കുകയും കലാപകാരികളെ ഇളക്കിവിടുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ കേസ്. സര്‍ധാന എംഎല്‍എ സംഗീത് സോം, ഥാന ഭവന്‍ എംഎല്‍എ സുരേഷ് റാണ, മുസഫര്‍നഗര്‍ എംഎല്‍എ കപില്‍ ദേവ് എന്നിവര്‍ക്കും ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി എന്നിവര്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിക്കാനാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. നിരോധനാജ്ഞ ലംഘിച്ചതിനും തീവെപ്പില്‍ പങ്കെടുത്തതിനും ഇവര്‍ക്കെതിരെ കേസുണ്ട്.
ഷാനവാസ് ഖുറേഷി എന്ന മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി 2013 ഓഗസ്റ്റ് 17ന് ഒരു സംഘം ആക്രമികള്‍ സചിന്‍, ഗൗരവ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയതാണ് മുസാഫര്‍ നഗറില്‍ കലാപത്തിലേക്കു നയിച്ചത്. ഈ ഇരട്ടക്കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്ന് കൂടിയാലോചിക്കാനാണ് ജാട്ട് സമുദായക്കാര്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്തത്. 65 പേര്‍ കൊലപ്പെടുകയും അരലക്ഷത്തോളം മുസ്‌ലിംകളെ പ്രദേശത്ത് നിന്ന് ആട്ടിയോടിക്കുകയും ചെയ്തു.
കലാപവുമായി ബന്ധപ്പെട്ട് 510 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 175 കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാക്കി കേസുകള്‍ പോലീസ് അവസാനിപ്പിക്കുകയോ തള്ളുകയോ ചെയ്തു.