ചണ്ഡീഗഢ്- ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ വാഹനവ്യൂഹം തടയുകയും കരിങ്കൊടി വീശുകയും ചെയ്തതിന് 13 കര്‍ഷക സമരക്കാര്‍ക്കെതിരെ പോലീസ് വധശ്രമം, കലാപം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. കഴിഞ്ഞ ദിവസം അംബാല വഴി മുഖ്യമന്ത്രി കടന്നു പോകുന്നതിനിടെയാണ് കര്‍ഷക സമരക്കാര്‍ തടഞ്ഞത്. തുടര്‍ന്ന് വാഹനവ്യൂഹം തിരിച്ചു പോയിരുന്നു. കര്‍ഷക വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയെ തടഞ്ഞത്. അംബാലയില്‍ തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി.
മാരകായുധങ്ങളുമായി കലാപമുണ്ടാക്കി, നിയമവിരുദ്ധമായി കൂട്ടംകൂടി, പൊതുജന സേവകരെ തടഞ്ഞു തുടങ്ങി കടുത്ത കുറ്റങ്ങളാണ് സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെ ഹരിയാന പോലീസ ചുമത്തിയിരിക്കുന്നത്.
കര്‍ഷകര്‍ക്കെതിരെ വധശ്രമക്കേസെടുത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സര്‍ക്കാര്‍ എല്ലാ പരിധികളിലും ലംഘിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ഷെല്‍ജ ആരോപിച്ചു. കര്‍ഷകരുടെ ശബ്ദം ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും ഈ സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ കര്‍ഷകര്‍ കിരങ്കൊടി വീശിയതെന്നും അവര്‍ പറഞ്ഞു.