Sorry, you need to enable JavaScript to visit this website.

തെഹൽക്കയെ സോണിയ ഗാന്ധി സഹായിച്ചുവെന്ന് ജയ ജെയ്റ്റ്‌ലി

ന്യൂദൽഹി- വാജ്‌പേയി മന്ത്രിസഭയെ പ്രതിസന്ധിയിലാക്കിയ ഒളിക്യാമറ ഓപ്പറേഷൻ നടത്തിയ തെഹൽക്കക്കെതിരായ നിയമനടപടികൾ ഇല്ലാതാക്കാൻ കോൺഗ്രസ് ദേശീയ പ്രസിഡന്റ് സോണിയാ ഗാന്ധി ശ്രമിച്ചുവെന്ന ആരോപണവുമായി സമത പാർട്ടി മുൻ ദേശീയ പ്രസിഡന്റ് ജയ ജെയ്റ്റ്‌ലി രംഗത്ത്. തെഹൽക്കക്ക് പണം നൽകിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ധനകാര്യമന്ത്രി പി.ചിദംബരത്തിന് സോണിയാ ഗാന്ധി കത്തു നൽകിയെന്നാണ് ജയ ജെയ്റ്റ്‌ലി രംഗത്തെത്തിയത്. ജയയുടെ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന തേളുകൾക്കിടയിലെ രാഷ്ട്രിയം, അഥവാ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു സ്ത്രീയുടെ സ്മരണകൾ എന്ന് പേരിട്ട പുസ്തകത്തിലാണ് ഈ പരാമർശമുള്ളത്. തെഹൽക്ക നടത്തിയ ഓപറേഷൻ വെസ്റ്റ് എന്റിനെ തുടർന്ന് മന്ത്രപദം രാജിവെക്കേണ്ടി വന്ന ജോർജ് ഫെർണാണ്ടസിന്റെ അടുത്ത അനുയായി കൂടിയായായിരുന്നു ജയ ജെയ്റ്റ്‌ലി. ഓപറേഷൻ വെ്സ്റ്റ് എൻഡിനെ തുടർന്നാണ് ജയ സമത പാർട്ടിയുടെ അധ്യക്ഷസ്ഥാനം രാജിവെച്ചത്.

തെഹൽക്കയുടെ വെസ്റ്റ് എന്റിന് പിന്നിൽ കോൺഗ്രസായിരുന്നുവെന്ന ആരോപണവും ജയ ഉന്നയിക്കുന്നു. ബി.ജെ.പി നേതാവ് ബങ്കാരു ലക്ഷ്മണയും തെഹൽക്കയുടെ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയിരുന്നു. ഇദ്ദേഹത്തെ പിന്നീട് കോടതി ശിക്ഷിക്കുകയും ചെയ്തു. 
തെഹൽക്ക ഓപ്പറേഷൻ പുറത്തുവന്നതിനെ തുടർന്ന് തെഹൽക്കയുടെ പ്രമോട്ടർമാർക്കെതിരെ നിരവധി ഏജൻസികൾ കേസെടുത്തിരുന്നു. ഡേവിന മെഹ്‌റ, ശങ്കർ ശർമ എന്നിവർക്കെതിരെയായിരുന്നു കേസുകൾ. 2004-ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പി.എ സർക്കാർ അധികാരത്തിൽ വന്ന ശേഷം തെഹൽക്കയുടെ പ്രമോട്ടർമാർ സോണിയാ ഗാന്ധിക്ക് കത്ത് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സോണിയ ധനകാര്യമന്ത്രി ചിദംബരത്തിന് കത്തയക്കുകയും ചെയ്തുവെന്നാണ് ജയ ആരോപിക്കുന്നത്. അധികം വൈകാതെ തെഹൽക്കക്ക് എതിരായ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തുവെന്ന് ജയ ആരോപിക്കുന്നു.  
 

Latest News