വാഷിംഗ്ടണ്‍- അടുത്തിടെ അമേരിക്കന്‍ കമ്പനികള്‍ക്കു നേരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇത്തരം ആക്രമണങ്ങള്‍ രാജ്യസുരക്ഷയെ മോശമായി ബാധിക്കുമെന്നും ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇവ ചെറുക്കുന്നതില്‍ പരാജയപ്പെട്ടു എന്നും ബൈഡന്‍ കുറ്റപ്പെടുത്തി. അമേരിക്കയിലെ ഔദ്യോഗിക ഏജന്‍സികള്‍ സൈബര്‍ ആക്രമണം തുടരുന്നതിനിടെ അമേരിക്കന്‍ ഊര്‍ജ്ജ വകുപ്പും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യന്‍ സര്‍ക്കാരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് സംശയിച്ച് നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും റഷ്യ ആരോപണം നിഷേധിച്ചു. ട്രഷറി, കൊമേഴ്‌സ് വിഭാഗം എന്നിവയും സൈബര്‍ ആക്രമണം നേരിട്ടിരുന്നു. തന്റെ ഭരണത്തില്‍ സൈബര്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളായ സോളര്‍വിന്‍ഡ്‌സ് ഓറിയോണ്‍ ഐടി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് എല്ലാ വകുപ്പുകളോടും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സിഐഎസ്എ) ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ചിനും ജൂണിനുമിടയില്‍ പുറത്തുവിട്ട ചില സോഫറ്റ് വെയറുകള്‍ ഹാക്കര്‍മാര്‍ ദുരുപയോഗപ്പെടുത്തിയെന്ന് സോളര്‍വിന്‍ഡ്‌സ് നേരത്തേ സമ്മതിച്ചിരുന്നു.