പാലക്കാട്- ട്രെയിനില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഇരുപത് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍.
തമിഴ്‌നാട് മധുര സ്വദേശി ജി.ധര്‍മ്മരാജ്(49) ആണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് പഴനി വഴി പാലക്കാട്ടെത്തിയ എക്‌സ്പ്രസ് വണ്ടിയിലെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരനായിരുന്ന ഇയാളുടെ ബാഗില്‍ നിന്ന് 19,83,000 രൂപ കണ്ടെടുത്തു.
പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാന്‍ ഇയാള്‍ക്കായില്ല. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസിന്റേയും റെയില്‍ സുരക്ഷാ സേനയുടേയും സംയുക്ത പരിശോധനയിലാണ് പണം കണ്ടെടുത്തത്. ലഹരിവസ്തുക്കളുടേയും മറ്റും കടത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ധര്‍മ്മരാജിനെ ചോദ്യം ചെയ്തു വരികയാണ്.