Sorry, you need to enable JavaScript to visit this website.

ജെല്ലിക്കെട്ട് നടത്താം- തമിഴ്‌നാട് സര്‍ക്കാര്‍,  കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം 

ചെന്നൈ-ജെല്ലിക്കെട്ടിന് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കി.. പങ്കെടുക്കുന്നവരെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പങ്കെടുക്കുന്ന എല്ലാവരും സര്‍ക്കാര്‍ ലബോറട്ടറിയില്‍ കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാകുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഒരു ഇനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 150 പേരില്‍ കൂടാന്‍ പാടില്ല. കാഴ്ചക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്. ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിന്റെ 50 ശതമാനം കാഴ്ചക്കാര്‍ മാത്രമേ പാടുള്ളൂ. കാഴ്ചക്കാര്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കവാടത്തില്‍ തെര്‍മല്‍ സ്‌കാന്‍ ഉപയോഗിച്ച് താപനില പരിശോധിക്കുകയും വേണം.കാളകളെ പീഡിപ്പിക്കലാണ് ജെല്ലിക്കെട്ടിലൂടെ നടക്കുന്നതെന്ന് വിലയിരുത്തി സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. സംസ്ഥാനസര്‍ക്കാറിന്റെ അപ്പീലിനെത്തുടര്‍ന്ന് 2012, 2013 വര്‍ഷങ്ങളില്‍ കോടതി നിബന്ധനയോടുകൂടിയാണ് മത്സരം നടത്തിയത്. മൃഗസംരക്ഷണവകുപ്പ് വീണ്ടും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ ജെല്ലിക്കെട്ട് പൂര്‍ണമായി നിരോധിച്ചു. 2017 ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചതില്‍ സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നിയമം കൊണ്ടുവന്നിരുന്നു.2021 ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. 
 

Latest News