കൊൽക്കത്ത- തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച തൃണമൂൽ കോൺഗ്രസ് നേതാക്കൾ പാർട്ടിവിട്ടതിന് പുറമെ, കൂടുതൽ നേതാക്കൾ ഇതുവഴിയെന്ന് സൂചന. ഇന്നലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നാല് മന്ത്രിമാർ പങ്കെടുത്തില്ല. ഇത് അടുത്ത ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്ന അഭ്യൂഹകൾക്കിടയാക്കി.
റജിബ് ബാനർജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രാനന്ദ് സിൻഹ എന്നീ മന്ത്രിമാരാണ് മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിന്നത്. വനം മന്ത്രി റജിബ് ബാനർജിയുടെ അസാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി തനിക്കുള്ള അതൃപ്തി അദ്ദേഹം നേരത്തെ പരസ്യമാക്കിയിരുന്നു. സുവേന്ദു അധികാരി ഉയർത്തിക്കാട്ടിയ അതേ പ്രശ്‌നങ്ങളാണ് റജിബ് ബാനർജിയും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.