കോഴിക്കോട് - ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട് കാലിക്കറ്റ് പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രദർശന ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.
ഡിസംബർ 23 ന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് കാരപ്പറമ്പിലെ ജിംഗ ഫുട്ബോൾ ടർഫിലാണ് മത്സരം നടക്കുക.
മത്സരത്തിൽ കോഴിക്കോട്ടെ മാധ്യമ പ്രവർത്തകരുടെ ടീമും ആരോഗ്യ പ്രവർത്തകരുടെ ടീമും തമ്മിൽ ഏറ്റുമുട്ടും. ബോബി ആൻഡ് മറഡോണയാണ് മത്സരത്തിന്റെ പ്രായോജകർ. ചെമ്മണ്ണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ചെയർമാൻ ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീയും ബോബി ചെമ്മണ്ണൂരും ചേർന്ന് കിക്ക് ഓഫ് ചെയ്തുകൊണ്ട് മത്സരം ഉദ്ഘാടനം ചെയ്യും. കോവിഡിനെതിരെ മുൻനിര പോരാളികളായി പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. മാധ്യമ പ്രവർത്തകരാകട്ടെ കഴിഞ്ഞ കുറെ മാസങ്ങളായി രോഗസാധ്യത വകവെക്കാതെ ഫീൽഡിൽ ജോലി ചെയ്യുന്നവരും. രാവും പകലും ജോലി ചെയ്യാൻ നിർബന്ധിതരായ രണ്ടു വിഭാഗങ്ങൾക്കും അൽപമെങ്കിലും മാനസികോല്ലാസം ഏർപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. കോഴിക്കോട്ടുകാർ മറഡോണയെ ജീവന് തുല്യം സ്നേഹിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓർമയ്ക്കായി മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
ദേശീയ ആരോഗ്യ മിഷന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങുന്ന ടീമിൽ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും ജഴ്സിയണിയും. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് മത്സരം നടക്കുക. വാർത്താസമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഡോ. കെ. നവീൻ, പ്രസ് ക്ലബ് ട്രഷറർ ഇ.പി. മുഹമ്മദ്, ചെമ്മണ്ണൂർ ഇന്റർനാഷനൽ മീഡിയ കോഓർഡിനേറ്റർ മനോജ് എന്നിവർ പങ്കെടുത്തു.