ശ്രീനഗര്‍- സംസ്ഥാന പദവി റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പായ ഡി.ഡി.സി (ജില്ലാ വികസന കൗണ്‍സില്‍) തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കര്‍ ജനകീയ സഖ്യത്തിന് വലിയ മുന്നേറ്റം. പുതുതായി രൂപീകരിക്കപ്പെട്ട 20 ഡിഡിസികളിലേക്കായി 280 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. പ്രധാന പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നിവരും മറ്റു ചെറുപാര്‍ട്ടികളും ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യം 114 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപി 72 സീറ്റിലും. കോണ്‍ഗ്രസ് 26 സീറ്റില്‍ മുന്നിലാണ്.
ജമ്മുവിലാണ് ബിജെപി പ്രധാനമായും മുന്നിട്ടു നില്‍ക്കുന്നത്. 69 സീറ്റില്‍. ഇവിടെ ഗുപ്കര്‍ സഖ്യം 35 സീറ്റില്‍ ലീഡ് ചെയ്യുന്നു. കശ്മീരില്‍ 79 സീറ്റില്‍ ഗുപ്കര്‍ സഖ്യം ലീഡ് ചെയ്യുമ്പോള്‍ ബിജെപി മൂന്നിടത്തു മാത്രമാണ് മുന്നിലുള്ളത്. ആദ്യമായാണ് ബിജെപി കശ്മീരില്‍ മുന്നിലെത്തുന്നത്. ഗുപ്കര്‍ സഖ്യവും കോണ്‍ഗ്രസും 13 ജില്ലാ കൗണ്‍സിലുകളിലും ജയിക്കുമെന്നാണ് സൂചന. ബിജെപിയും സഖ്യകക്ഷികളും ആറു ജില്ലകളിലും അധികാരം പിടിച്ചേക്കും.
ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതുവരെ വിജയിച്ച സീറ്റുകള്‍ ഇങ്ങനെ: ബിജെപി-65, നാഷണല്‍ കോണ്‍ഫറന്‍സ്-53, സ്വതന്ത്രര്‍- 39, പിഡിപി-26, കോണ്‍ഗ്രസ്-20, ജെകെഎപി-10, സിപിഎം-5.
ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും തടങ്കലും കാരണം ഗുപ്കര്‍ സഖ്യം നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. എങ്കിലും മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. അതേസമയം ബിജെപിയായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍. സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകൃതമായതാണ് ഗുപ്കര്‍ സഖ്യം.