റിയാദ് - അല്‍ബാഹയില്‍ സൗദി പൗരനായ തെരുവുകച്ചടവക്കാരന്റെ പച്ചക്കറികള്‍ നഗരസഭാധികൃതര്‍ പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ആക്ടിംഗ് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ ഉത്തരവിട്ടു.
സ്വദേശികളായ വഴിവാണിഭക്കാരോട് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് അനുഭാവമുണ്ട്. ഇവര്‍ക്ക് കച്ചവടം ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കും. കച്ചവടം ചെയ്യാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയും ഒരു രീതിയിലും ഇതിന് പ്രതിബന്ധം സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്ന നിലക്ക് വഴിവാണിഭക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമങ്ങളും മന്ത്രാലയം സമഗ്രമായി പുനഃപരിശോധിച്ചുവരികയാണെന്നും ആക്ടിംഗ് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു.
അല്‍ബാഹയില്‍ സൗദി പൗരന് വില്പനക്ക് പ്രദര്‍ശിപ്പിച്ച പച്ചക്കറികളെല്ലാം നഗരസഭാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുക്കുകയായിരുന്നു. ഇതില്‍ സങ്കടം പ്രകടിപ്പിച്ച്, അധികൃതര്‍ പച്ചക്കറികള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കുടുംബം പോറ്റുന്നതിനുള്ള തന്റെ ഉപജീവന മാര്‍ഗമാണ് പച്ചക്കറി വ്യാപാരമെന്ന് സൗദി പൗരന് പറഞ്ഞു. ഇതിനിടെ പച്ചക്കറികള്‍ പിടിച്ചെടുക്കുന്നത് ചിത്രീകരിക്കുന്നത് തടയാന്‍ നഗരസഭാ ഉദ്യോഗസ്ഥന് ശ്രമിക്കുകയും ചെയ്തു. വീഡിയോ ചിത്രീകരിക്കുന്നതിന് വിലക്കുണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥന് തടയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിന് വിലക്കില്ലെന്ന് പറഞ്ഞ് സൗദി പൗരന് വീഡിയോ ചിത്രീകരണം തുടര്‍ന്നു. ഇതിനിടെ ഉദ്യോഗസ്ഥന് ഇടപെട്ട് ചിത്രീകരണം തടഞ്ഞതായി ക്ലിപ്പിംഗിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.