Sorry, you need to enable JavaScript to visit this website.

സി.കെ.ജാനുവിനെതിരെ പടനീക്കം; ഇടതുമുന്നണിയുമായി സഹകരണം അവസാനിപ്പിച്ചു

കല്‍പറ്റ-ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചെയര്‍പേഴ്‌സണും മുത്തങ്ങ സമരനായികയുമായ  സി.കെ.ജാനുവിനെതിരേ പടനീക്കം. ജാനുവിനെതിരെ ഉയര്‍ന്ന പരാതികള്‍  അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പാര്‍ട്ടി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു.

കഴിഞ്ഞ 15നു കണ്ണൂരില്‍ ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗമാണ് ചെയര്‍പേഴ്‌സണു എതിരായ പാരാതികള്‍  അന്വേഷിക്കുന്നതിനു കമ്മിറ്റിയെ നിയോഗിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രദീപ് കുന്നുകര,ജോയിന്റ് സെക്രട്ടറി ബാബു കുറ്റിമൂല,ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.ജാനുവും പങ്കെടുത്ത യോഗത്തിലായിരുന്നു കമ്മിറ്റി രൂപീകരണം.


മറ്റു ഭാരവാഹികളുമായി ആലോചിക്കാതെ പാര്‍ട്ടി കാര്യങ്ങളില്‍ തീരുമാനമെടുക്കല്‍,സാമ്പത്തിക അച്ചടക്കലംഘനം എന്നിവയുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിക്കുള്ളില്‍ ജാനുവിനെതിരേ പരാതികള്‍  ഉയര്‍ന്നത്.
കമ്മിറ്റിയുടെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും പരാതികളില്‍ കാമ്പുണ്ടെന്നുകണ്ടാല്‍ ഉചിതമായ പാര്‍ട്ടി നടപടി ജാനുവിനെതിരേ ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊഴാറ പറഞ്ഞു.


2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചതാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി.തുടക്കത്തില്‍ ദേശീയ ജനാധിപത്യ സംഖ്യവുമായാണ് പാര്‍ട്ടി സഹകരിച്ചത്.2016ലെ തെരഞ്ഞെടുപ്പില്‍ ബത്തേരി അസംബ്ലി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ജാനു മത്സരിക്കുകയുമുണ്ടായി.പിന്നീട് എന്‍.ഡി.എ വിട്ട പാര്‍ട്ടി ഇടതുമുന്നണിയുമായാണ് സഹകരിച്ചുവരുന്നതിനിടെയാണ് ചെയര്‍പേഴ്‌സണു എതിരേ പരാതികള്‍ ഉയര്‍ന്നത്.സമീപകാലത്തു സംസ്ഥാന ജനറല്‍ സെക്രട്ടറി സതീഷ് പാറന്നൂര്‍ പാര്‍ട്ടിയില്‍നിന്നു രാജിവവെക്കുകയുണ്ടായി.


ഇടതുമുന്നണിയുമായുള്ള സഹകരണം അവസാനിപ്പിക്കാനും പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.പാര്‍ട്ടിയോടുള്ള ഇടതുമുന്നണി നേതൃത്വത്തിന്റെ  നിരാശാജനകമായ സമീപനമാണ് ഇതിനു പിന്നിലെന്നു പ്രസീത അഴീക്കോടും ബാബു കുറ്റിമൂലയും പറഞ്ഞു.സ്വതന്ത്രമായി നിന്നു  അടിത്തറ  ബലപ്പെടുത്താനാണ്  പാര്‍ട്ടിയുടെ പദ്ധതി. യു.ഡി.എഫോ എന്‍.ഡി.എയോ ക്ഷണിച്ചാല്‍ അക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു തീരുമാനമെടുക്കും.എന്‍.ഡി.എ,യു.ഡി.എഫ് എന്നിവയുമായി സഹകരിച്ചുകൂടെന്ന നിലപാട് പാര്‍ട്ടിക്കു ഇല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

Latest News