റിയാദ് - നിയമ വിരുദ്ധമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വില്‍പന മേഖലയില്‍ പ്രവര്‍ത്തിച്ച നാലു പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയതായി റിയാദ് പോലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള സൗദി യുവാവും ഇഖാമ നിയമ ലംഘകര്‍ കൂടിയായ രണ്ടു ബംഗ്ലാദേശുകാരും ഒരു ഫിലിപ്പിനോയും അടങ്ങിയ സംഘമാണ് പിടിയിലായത്.
സൗദി പൗരന്മാരും വിദേശികളും അറിയാതെ അവരുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്താണ് സംഘം മറ്റുള്ളവര്‍ക്ക് സിം കാര്‍ഡുകള്‍ വില്‍പന നടത്തിയിരുന്നത്.
മധ്യ റിയാദിലെ വ്യാപാര സ്ഥാപനം കേന്ദ്രീകരിച്ചാണ് സംഘം സിം കാര്‍ഡ് വില്‍പന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. വിവിധ ടെലികോം കമ്പനികളുടെ പേരിലുള്ള 322 സിം കാര്‍ഡുകളും വിരലടയാള റീഡിംഗ് മെഷീനും ഡാറ്റ റീഡിംഗ് മെഷീനും പതിനഞ്ചു മൊബൈല്‍ ഫോണുകളും അജ്ഞാതരായ ആളുകളുടെ വിരലടയാളങ്ങള്‍ പതിച്ച കടലാസു തുണ്ടുകളും 13,907 റിയാലും സംഘത്തിന്റെ പക്കല്‍ കണ്ടെത്തി. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മേജര്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു.