ന്യൂദൽഹി- നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികം കള്ളപ്പണ വിരുദ്ധദിനമായി കേന്ദ്ര സർക്കാർ ആചരിക്കാനിരിക്കെ ഈ വിഡ്ഢിത്തം തുറന്നു സമ്മതിച്ച് തെറ്റു തിരുത്താൻ പ്രധാമന്ത്രി നരേന്ദ്ര മോഡി തയാറാകണമെന്ന് മുൻപ്രധാനമന്ത്രിയും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ മൻമോഹൻ സിംഗ്. 'നോട്ടുനിരോധനം സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. പ്രധാനമന്ത്രി ആ വിഡ്ഢിത്തത്തെ സൗമ്യമായി സമ്മതിക്കുകയാണ് ഇപ്പോൾ വേണ്ടത്. സമ്പദ്ഘടനയെ പുനരുദ്ധരിക്കാൻ എല്ലാവരുടേയും പിന്തുണ തേടുകയും വേണം,' ബ്ലൂംബർഗ് ക്വിന്റിന് നൽകിയ അഭിമുഖത്തിൽ മൻമോഹൻ സിങ് വ്യക്തമാക്കി.
നോട്ടുനിരോധനം സംബന്ധിച്ച തന്റെ വിമർശനങ്ങളെ അദ്ദേഹം ഒരിക്കൽകൂടി അടിവരയിട്ടു ആവർത്തിച്ചു. നോട്ടു പിൻവലിക്കൽ പ്രക്രിയയുടെ ആഘാതം ബഹുവിധമാണെന്നും സമൂഹത്തിൽ പാവപ്പെട്ട, താഴെത്തട്ടിലുള്ളവരെ പ്രതീക്ഷിച്ചതിലുമേറെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് എത്രത്തോളമുണ്ടെന്നത് ഒരു സാമ്പത്തിക സൂചകങ്ങൾ കൊണ്ട് അളക്കാവുന്നതിലും അപ്പുറത്താണെന്നും മൻമോഹൻ പറഞ്ഞു.