വാഷിങ്ടന്‍- നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചു. നെവാര്‍ക്കിലെ ക്രിസ്റ്റീന ഹോസ്പിറ്റലില്‍ ബൈഡന്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ദൃശ്യം ലൈവായി ടെലിവിഷനില്‍ കാണിച്ചു. പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനായിരുന്നു ഇത്. ബൈഡന്റെ ഭാര്യ ജില്‍ നേരത്തെ വാക്‌സിനെടുത്തിരുന്നു. ഒന്നും പേടിക്കാനില്ലെന്ന് കുത്തിവെപ്പെടുത്ത ശേഷം ബൈഡന്‍ പറഞ്ഞു. വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാവരും കുത്തിവെപ്പ് സ്വീകരിക്കണമെന്നും അതുവരെ മാസ്‌ക് ധരിക്കുകയും വിദഗ്ധര്‍ പറയുന്നത് കേള്‍ക്കുകയും വേണമെന്നും ബൈഡന്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് മൈക് പെന്‍സും ഭാര്യയും കഴിഞ്ഞയാഴ്ച വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അതേസമയം പ്രസിഡന്റ് ട്രംപ് ഇതുവരെ കുത്തിവെപ്പ് എടുത്തിട്ടില്ല. കോവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് സ്വാഭാവിക രോഗപ്രതിരോധ ശേഷി ലഭിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. വാക്‌സിനേഷന്‍ പദ്ധതിയെ പിന്തുണച്ച് കാര്യമായി ഒന്നും ട്രംപ് ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല.