പാരിസ്- യാത്രാനിരോധം നിലവില്‍ വന്നതോടെ ബ്രിട്ടനില്‍നിന്ന് ഫ്രാന്‍സിലേക്കും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പുറപ്പെടാന്‍ കാത്തിരിക്കുന്ന ട്രക്കുകള്‍ മൈലുകള്‍ നീളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ തിങ്കളാഴ്ച വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഫ്രാന്‍സ് 48 മണിക്കൂര്‍ നേരത്തേക്ക് ബ്രിട്ടീഷ് ട്രക്കുകള്‍ നിരോധിച്ചു.
ട്രക്ക് ഡ്രൈവര്‍മാര്‍ കൊറോണ വൈറസ് പരിശോധനകള്‍ നടത്തിയതിനു ശേഷം ഫ്രാന്‍സ് ഉടന്‍ തന്നെ ഗതാഗതം വീണ്ടും അനുവദിക്കുമെന്ന് പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്.
കോവിഡ് വൈറസിന്റെ വകഭേദം ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും ചുറ്റുപാടും നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഇത് കൂടുതല്‍ മാരകമാണോയെന്ന് വ്യക്തമല്ലെന്നും എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കുന്ന വാക്‌സിനുകള്‍ ഫലപ്രദമാകുമെന്നും മാറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.