Sorry, you need to enable JavaScript to visit this website.

അധികാരം നിലനിർത്താൻ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് ഇടതുമുന്നണി 

കാസർകോട് - തദ്ദേശ സ്ഥാപനങ്ങളിൽ അധികാരം നിലനിർത്താൻ എസ് .ഡി. പി. ഐ അടക്കമുള്ള വർഗീയ ശക്തികളുടെ പിന്തുണ തേടില്ലെന്ന് ഇടതുമുന്നണി കാസർകോട് ജില്ലാ കൺവീനർ കെ. പി സതീഷ് ചന്ദ്രൻ. എസ് ഡി പി ഐയുടെയും യു ഡി എഫിന്റെയും സഹായം വേണ്ടെന്ന് പറയുന്നതിൽ ഞങ്ങൾ എൽ. ഡി എഫിലെ എല്ലാ ഘടകകക്ഷികൾക്കും ഏക അഭിപ്രായമാണ്. സി പി എം, സി പി ഐ, എൽ ജെ ഡി, കേരള കോൺഗ്രസ് ഉൾപ്പെടെ ആരും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടില്ല. അതേസമയം പഞ്ചായത്തുകളിൽ വിജയിച്ച സ്വതന്ത്രർ നൽകുന്ന പിന്തുണ സ്വീകരിക്കും. സംഘടനകളുടെ അകമ്പടി ഇല്ലാതെ വിജയിച്ച സ്വതന്ത്രരുടെ പിന്തുണ അവരുടെ ആഗ്രഹത്തിന് അനുസരിച്ചു നൽകുമ്പോൾ വേണ്ടെന്ന് വെക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ പ്രാദേശികമായി ഓരോ കക്ഷികളും നിലപാട് കൈക്കൊള്ളും. 


പ്രാദേശികമായി നിലപാട് സ്വീകരിക്കുമ്പോൾ അത് ബി ജെ പിയെ അകറ്റി നിർത്താനാണ് എന്ന് പറയരുത്. മീഞ്ച, വോർക്കാടി തുടങ്ങിയ പഞ്ചായത്തുകളിൽ എൽ ഡി എഫ് ഇടതുമുന്നണി സഹായം തേടിയെന്ന ബി ജെ പി പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. ജില്ലയിൽ പനത്തടി, കള്ളാർ, നീലേശ്വരം നഗരസഭ, ഉദുമ പഞ്ചായത്തുകളിൽ യു ഡി എഫ്-  ബി ജെ പി സഖ്യം പരസ്യമായിരുന്നു. നീലേശ്വരം നഗരസഭയിൽ 12 വാർഡുകളിൽ ബി ജെ പി സ്ഥാനാർത്ഥിയെ നിർത്താതെ യു ഡി എഫിന് വോട്ട് മറിക്കുകയാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളും പിന്തുണയും സംബന്ധിച്ച് ഇടതുമുന്നണി ഇതുവരെ നിലപാട് എടുത്തിട്ടില്ല. 30 വരെ സാവകാശം ഉള്ളതിനാൽ ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനം എടുക്കും. എൽ ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശവും പരിഗണിച്ചായിരിക്കും ജില്ലാ കമ്മിറ്റി തീരുമാനം എടുക്കുക. ദേലമ്പാടിയിൽ ഇടതുമുന്നണി സ്ഥാനാർഥി പരാജയപ്പെട്ടതിനെ കുറിച്ച് മുന്നണി പരിശോധന നടത്തും. തിരഞ്ഞെടുപ്പിൽ തോൽക്കുന്നതും ജയിക്കുന്നതും സ്വാഭാവികമാണ്. എടനീരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് 2015 നേക്കാൾ 3000 വോട്ട് കൂടിയെന്ന് എൽ ഡി എഫ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുകയും ചെങ്കളയിൽ അട്ടിമറി വിജയം നേടിയതും വലിയ മുന്നേറ്റമാണ്. ആറിൽ നാല് ബ്ലോക്ക് പഞ്ചായത്തുകളും എൽ ഡി എഫിന് ലഭിച്ചു. രണ്ടു പഞ്ചായത്തുകൾ നഷ്ടപ്പെട്ടപ്പോൾ മൂന്ന് പഞ്ചായത്തുകളിൽ ഭരണം തിരിച്ചുപിടിച്ചു. 


മഞ്ചേശ്വരം, കാസർകോട് നിയോജക മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ വോട്ടിൽ ഗണ്യമായ വർധനവ് ഉണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിന്നിലായിരുന്ന ഉദുമ അടക്കമുള്ള മണ്ഡലത്തിൽ ഇടതുമുന്നണി ശക്തമായി തിരിച്ചുവന്നതായും മുന്നണിയെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി പറയുന്നതായും നേതാക്കൾ പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൽ ജെ ഡി ജില്ലാ പ്രസിഡന്റ് ടി. വി ബാലകൃഷ്ണൻ, ജെ ഡി എസ് ജില്ലാ പ്രസിഡന്റ് ഡോ. കെ. ഖാദർ, കേരള കോൺഗ്രസ് നേതാവ് കുര്യാക്കോസ് പ്ലാപ്പറമ്പൻ, പി ടി നന്ദകുമാർ, സണ്ണി അരമന, ഇ വി ഗണേഷ്, വി വി കൃഷ്ണൻ, സിദ്ധിഖ് അലി മൊഗ്രാൽ എന്നിവരും സംബന്ധിച്ചു. 


 

Latest News