ലഖ്‌നൗ- ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയെ നാല് ഉയര്‍ന്ന ജാതിക്കാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യാന്‍ കാരണം പ്രതികളിലൊരുളുടെ പ്രണയം പെണ്‍കുട്ടി നിരാകരിച്ചതിലുള്ള വൈരാഗ്യമാണെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി പിന്നീട് ദല്‍ഹി ആശുപത്രിയിലാണ് മരിച്ചത്. പെണ്‍കുട്ടിയുമായുള്ള ബന്ധം വഷളായതില്‍ പ്രതികളിലൊരാളയ സന്ദീപിനുണ്ടായ നിരാശയും വൈരാഗ്യവുമാണ് ബലാത്സംഗത്തിന് പ്രേരിപ്പിച്ചതെന്ന് സി.ബി.ഐ പറയുന്നു.
സെപ്റ്റംബര്‍ 19 ന് മൊഴി രേഖപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടി മൂന്ന് പേരുടെ പേര് നല്‍കിയിട്ടും ഒരാളുടെ പേര് മാത്രമാണ് രേഖപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ ഉത്തര്‍പ്രദേശ് പോലീസിനെതിരെ കടുത്ത കുറ്റാരോപണമുണ്ട്. പീഡനത്തിനിരയായെന്ന് പറഞ്ഞെങ്കിലും ലൈംഗികാതിക്രമത്തെക്കുറിച്ച് വൈദ്യപരിശോധന നടത്തിയില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഉയര്‍ന്ന ജാതിക്കാരായ സന്ദീപ് (20), അമ്മാവന്‍ രവി (35), സുഹൃത്തുക്കളായ രാമു (26), ലവ് കുഷ് (23) എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 376 (ഡി) (കൂട്ടബലാത്സംഗം), 302 (കൊലപാതകം), എസ്‌സി / എസ്ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഹാഥ്‌റസിലെ കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.