കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യ സുജാത മൊണ്ടാല്‍ ഖാന് ഉടന്‍ വിവാഹ മോചനത്തിന് നോട്ടീസയച്ചതായി ബി.ജെ.പി എം.പി സൗമിത്ര ഖാന്‍. സുജാത തൃണമൂലില്‍ ചേര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് ബിഷ്ണുപൂരില്‍നിന്നുള്ള എം.പിയായ സൗമിത്ര ഖാന്റെ തീരുമാനം.
അവള്‍ ചെയ്തത് വലിയ തെറ്റാണെന്നും ഉടന്‍ തന്നെ ഒഴിവാക്കുമെന്നും എം.പി പറഞ്ഞു. ബി.ജെ.പി യുവജന സംഘടനയായ യുവ മോര്‍ച്ചയുടെ പ്രസിഡന്റ് കൂടിയാണ് സൗമിത്ര ഖാന്‍.
ഖാന്‍ എന്ന എന്റെ കുടുംബപ്പേര് പേരില്‍ നിന്ന് നീക്കംചെയ്യണമെന്ന് സൗമിത്ര ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍
സുജാത മൊണ്ടാല്‍ ഖാനോട് അഭ്യര്‍ഥിച്ചു.
പരമാവധി ഉപദ്രവിച്ചവരുമായാണ് ഇപ്പോള്‍ നിങ്ങള്‍ കൈ കോര്‍ത്തിരിക്കുന്നത്. അവര്‍ നിങ്ങളുടെ വൈദ്യുതി വിഛേദിക്കുകയും ഭീഷണിപ്പെടുത്തകയും ചെയ്തു. മമതാ ബാനര്‍ജിയോ അഭിഷേക് ബാനര്‍ജിയോ നിങ്ങളുടെ ജോലി തട്ടിയെടുത്തു.
നിങ്ങളുടെ ജീവിതത്തിലെ വിഷമഘട്ടത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചു. എന്റെ ശമ്പളത്തിന്റെ 50 ശതമാനം എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റി. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഒരിക്കലും കാശ് ചോദിക്കേണ്ടി വന്നിട്ടില്ല- സൗമിത്ര ഖാന്‍ പറഞ്ഞു.
ബിജെപി ഇല്ലാതെ ഞാന്‍ ഒന്നുമായിരുന്നില്ല. എന്റെ ഭാര്യയായിരുന്നില്ലെങ്കില്‍ നിങ്ങളേയും ആരും അറിയുമായിരുന്നില്ല. ബി.ജെ.പിയാണ് എനിക്ക് എല്ലാ അംഗീകാരവും നല്‍കിയത്. നിങ്ങള്‍ മുമ്പ് എനിക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ടെന്ന് ശരി തന്നെ. എന്നാല്‍ ബി.ജെ.പിയുടെ പേരിലല്ലാതെ ഒരിക്കലും ഞാന്‍ വിജയിക്കുമായിരുന്നില്ല. ഓരോ കുടുംബത്തിനും അതിന്റെതായ പോരാട്ടങ്ങളുണ്ട്. പക്ഷേ, കൂടുതല്‍ ഉയരങ്ങള്‍ നേടാനായി നിങ്ങള്‍ കുടുംബത്തെക്കാള്‍ രാഷ്ട്രീയം തെരഞ്ഞെടുത്തു. നിങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത് വലിയ തെറ്റാണ്- ഭാര്യയോടായി സൗമിത്ര ഖാന്‍ പറഞ്ഞു.