ലണ്ടന്‍-യു.കെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം യൂറോപ്പിനെ ആശങ്കയുടെ മുള്‍മുനയിലാക്കി. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്തെ അവസ്ഥയിലേയ്ക്ക് സാഹചര്യങ്ങള്‍ നീങ്ങുകയാണ്. ബ്രിട്ടനെ ഒറ്റപ്പെടുത്തുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ പോവുകയാണ്. ഇന്ത്യ, ഓസ്ട്രിയ, ബല്‍ജിയം, ഇറ്റലി, അയര്‍ലന്റ്, ജര്‍മ്മനി, ഫ്രാന്‍സ്, നെതര്‍ലന്റ്‌സ്, കാനഡ എന്നീ രാജ്യങ്ങളെല്ലാം ബ്രിട്ടനിലേക്കുള്ള യാത്രകള്‍ വിലക്കിക്കഴിഞ്ഞു. ഇസ്രായേല്‍, തുര്‍ക്കി, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളും ബ്രിട്ടനില്‍ നിന്നുള്ളതും ബ്രിട്ടനിലേക്ക് പോകുന്നതുമായ വിമാനഗതാഗതം നിഒര്‍ത്തി വെച്ചിട്ടുണ്ട്.
ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ പുതിയ രൂപം ലണ്ടനില്‍ കണ്ടെത്തിയതിന് പിന്നാലെ വീണ്ടും വൈറസ് വ്യാപന ഭീതി യൂറോപ്യന്‍ രാജ്യങ്ങളെ വേട്ടയാടുകയാണ്. ക്രിസ്മസ്, പുതുവത്സരം വീടിനുള്ളില്‍ തന്നെയാക്കാന്‍ മിക്ക രാജ്യങ്ങളും ആഹ്വാനം ചെയ്തു കഴിഞ്ഞു. മലയാളികളുടെ യുകെയിലേക്കുള്ള പോക്കും വരവും പ്രതിസന്ധിയിലായിരിക്കുകയാണ്.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഡന്മാര്‍ക്കിലും നെതര്‍ലാന്റ്‌സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നും ബ്രിട്ടനില്‍ എത്തിയ ഒരാളില്‍ ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയതായി ബ്രിട്ടീഷ് ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. ഇയാളുമായി അടുത്ത് ഇടപഴകിയവരെല്ലാം ഐസൊലേഷനിലാണ്.
തിങ്കളാഴ്ച മുതല്‍ ബ്രിട്ടനിലേക്കുളള വിമാനങ്ങള്‍ തിരിച്ചു വരുന്നത് വരെ 48 മണിക്കൂര്‍ യാത്രാ നിരോധനം അയര്‍ലന്റും ഫ്രാന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ശേഷം ഇവര്‍ സ്ഥിതി വിലയിരുത്തും.