റിയാദ്- യെമനിൽ സുരക്ഷയും സുസ്ഥിരതയും സ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ നയം ഇനിയും തുടരുമെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. റിയാദ് ഉടമ്പടി പ്രകാരം പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ നേതൃത്വത്തിൽ പുതിയ ഗവൺമെന്റ് നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി നയം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷമാണ് റിയാദിൽ സതേൺ ട്രാൻസിഷണൽ കൗൺസിലുമായി അധികാരം പങ്കിടുന്നതിനും പുതിയ ഗവൺമെന്റ് രൂപീകരിക്കുന്നതിനും അബ്ദുറബ്ബ് മൻസൂർ ഹാദി കരാർ ഒപ്പുവെച്ചത്.
യെമൻ സ്റ്റേറ്റ് ടിവിയിലൂടെ വെള്ളിയാഴ്ച രാത്രിയാണ് ഹാദി പുതിയ ഗവൺമെന്റിനെ പ്രഖ്യാപിച്ചത്. വടക്കും തെക്കും തമ്മിൽ തുല്യമായി വിഭജിച്ച 24 പേരെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചത്. പുതിയ ഗവൺമെന്റ് യെമനിൽ സുസ്ഥിരത കൊണ്ടുവരുന്നതിൽ വിജയിക്കുമെന്നാണ് പ്രത്യാശയെന്നും റിയാദ് കരാർ അതിന് സഹായകമാകുമെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ അഭിപ്രായപ്പെട്ടു.
'സമഗ്രമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പ് കണ്ടെത്താനുള്ള മുൻകാല ശ്രമങ്ങളുടെ തുടർച്ച എന്നോണം റിയാദ് കരാറിന്റെ സൈനിക വശം നടപ്പാക്കാനും യെമനിലെ സഹോദരങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പരിശ്രമം യാഥാർഥ്യമാക്കുന്നതിനും കരാറിനാവും.'- അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, യെമൻ പ്രസിഡന്റ്, ട്രാൻസിഷണൽ കൗൺസിൽ, ഏദൻ, അബിയാൻ എന്നിവിടങ്ങളിലെ സൈനിക നേതാക്കൾ എന്നിവരുമായി മാസങ്ങൾ നീണ്ട ചർച്ചയിലൂടെയാണ് കഴിഞ്ഞ വർഷം കരാർ നിലവിൽവന്നത്. 'രാഷ്ട്രീയ, നയതന്ത്ര, സൈനിക നേട്ടം' എന്നാണ് കരാറിനെ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ അന്ന് വിശേഷിപ്പിച്ചത്.
യെമനിലെ ദീർഘകാലമായി നിലനിൽക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ പുതിയ ഗവൺമെന്റിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ അഭിപ്രായപ്പെട്ടു. യെമനിലെ അരക്ഷിതാവസ്ഥക്ക് ശമനം വരുത്താൻ പുതിയ സംഭവവികാസങ്ങൾക്ക് സാധിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും പ്രത്യാശ പ്രകടിപ്പിച്ചു. 'പുതിയ ഗവൺമെന്റ് രൂപീകരിച്ച യെമൻ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ. റിയാദ് ഉടമ്പടിയുടെ ഭാഗമായ ഈ നടപടി സമാധാനവും സുസ്ഥിരതയും സാധ്യമാക്കുന്നതിനും പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം വേണമെന്ന യെമൻ ജനതയുടെ പ്രതീക്ഷകളെ സാക്ഷാത്കരിക്കുന്നതിനും വഴിയൊരുക്കും'- അദ്ദേഹം ട്വീറ്റ് ചെയ്തു.