Sorry, you need to enable JavaScript to visit this website.

പുതുവൈപ്പിൻ ഉണരുന്നു, പയ്യന്നൂരും

വികസന രംഗത്ത് മോഡിയുടെ ഗുജറാത്ത് പരിഷ്‌കാരങ്ങൾ തന്നെയാണ് പിണറായി സർക്കാർ പിന്തുടരുന്നതെന്നതാണ് കൗതുകകരം. വ്യവസായ സൗഹൃദത്തിന്റെ മറവിൽ രാജ്യത്ത് നിലനിന്നിരുന്ന എല്ലാ നിയമങ്ങളെയും മരവിപ്പിച്ചുകൊണ്ടാണ് ഗുജറാത്ത് മുന്നോട്ട് പോയത്. ഇവിടെയും അങ്ങനെത്തന്നെ. വികസന പദ്ധതിയുടെ ഭാഗമായി കുടിയൊഴിക്കുന്നവർക്ക് പകരം ഭൂമി നൽകും, എന്നിട്ടും ഒതുങ്ങിയില്ലെങ്കിൽ അടിച്ചമർത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.


ജനകീയ സമരങ്ങളാൽ കേരളത്തിന്റെ സാമൂഹ്യ രംഗം സജീവമാകുകയാണ്. ഗെയ്‌ലും കീഴാറ്റൂരും പുകയുകയാണ്. ഇപ്പോഴിതാ പുതുവൈപ്പിൽ എൽ.പി.ജി. ടെർമിനൽ സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികൾ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകുന്നു. ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനാണ് രണ്ടാം ഘട്ടം സമര പരിപാടികളുടെ ഉദ്ഘാടകൻ എന്നതാണ് ശ്രദ്ധേയം. സ്ഥിരം പതിവുള്ള പോലെ തീവ്രവാദി സാന്നിധ്യം എന്ന് സർക്കാർ ആരോപിക്കുന്ന സമരത്തോട് ഐക്യപ്പെടാൻ വി.എസിനും സുധീരനും പുറമെ നിരവധി രാഷ്ട്രീയ നേതാക്കളും എത്തുന്നുണ്ട്. 
മുപ്പത് വർഷത്തേ ഭരണത്തഴമ്പുണ്ടായിരുന്ന ബംഗാളിൽ നന്ദിഗ്രാമും സിംഗൂരും ആഗോള മൂലധനശക്തികൾക്ക് തീറെഴുതിയ ജ്യോതിബസു സർക്കാരിനെതിരെ ഉയർന്ന ജനവികാരമാണ് സിപിഎം നേതൃത്വത്തിലുള്ള ഇടതു സർക്കാരിനെ കടപുഴക്കിയെറിഞ്ഞതെന്ന പാഠം പഠിക്കാതെയാണ് ജനകീയ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ സർക്കാർ ശ്രമിക്കുന്നത്. പുതുവൈപ്പിൻ സമരക്കാരേയും അത്തരത്തിൽ അടിച്ചൊതുക്കാൻ ശ്രമിച്ചു. എന്നാൽ അതിനെയെല്ലാം മറികടന്നാണ് നിരവധി പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള വൈപ്പിൻ ജനത ഒറ്റക്കെട്ടായി ചുവടുവെപ്പ് എന്ന പേരിൽ നഗരത്തിലേക്ക് മാർച്ച് ചെയ്യുന്നത്. 
വികസന രംഗത്ത് മോഡിയുടെ ഗുജറാത്ത് പരിഷകാരങ്ങൾ തന്നെയാണ് പിണറായി സർക്കാർ പിന്തുടരുന്നതെന്നതാണ് കൗതുകകരം. വ്യവസായ സൗഹൃദത്തിന്റെ മറവിൽ രാജ്യത്ത് നിലനിന്നിരുന്ന എല്ലാ നിയമങ്ങളെയും മരവിപ്പിച്ചുകൊണ്ടാണ് ഗുജറാത്ത് മുന്നോട്ട് പോയത്. ഇവിടെയും അങ്ങനെത്തന്നെ. വികസന പദ്ധതിയുടെ ഭാഗമായി കുടിയൊഴിക്കുന്നവർക്ക് പകരം ഭൂമി നൽകും, എന്നിട്ടും ഒതുങ്ങിയില്ലെങ്കിൽ അടിച്ചമർത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മാത്രമല്ല, സമരക്കാർക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്നും പിണറായി പ്രഖ്യാപിച്ചു. സത്യത്തിൽ തങ്ങൾ ജീവിതത്തിൽ നിന്ന് കുടിയൊഴിക്കപ്പെടുമെന്നാണ് ജനം ഭയക്കുന്നത്. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ കടൽത്തിരമാലയിൽ നിന്ന് 500 മീറ്റർ അകലെയുള്ള ഏജട കോ.ഓർഡിനേറ്റുകൾ പ്രോജക്റ്റ് സൈറ്റ് ആയി നൽകിയാണ് ഐ.ഒ.സി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ടാങ്ക് നിർമ്മാണത്തിന് പാരിസ്ഥിതിക്കാനുമതിക്ക് അപേക്ഷിച്ചത്. കപ്പൽ വഴി വരുന്ന ഇന്ധനം ജെട്ടിയിൽ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയിൽ പൂർണ്ണമായി കുഴിച്ചിടുന്ന വൻ ടാങ്കറുകളിൽ സ്റ്റോർ ചെയ്ത്, ടാങ്കറുകളിൽ നിറച്ച് വിതരണം നടത്തുക എന്നതാണ് പദ്ധതി. 
ഹൈടൈഡ് ലൈനിൽ നിന്ന് 200 മീറ്റർ വിട്ട് നിർമ്മാണം നടത്താൻ തീരദേശ പരിപാലന അതോറിറ്റിയും കേന്ദ്ര സർക്കാരും അംഗീകാരം നൽകി. എന്നാൽ അതെല്ലാം ധിക്കരിച്ച് കടൽത്തിര വന്നടിക്കുന്ന ഇന്റർ ടൈഡൽ സോണിൽ ആണ് നിർമ്മാണം നടത്തുന്നത്. ഓരോ വർഷവും 23 മീറ്റർ വീതം കടൽ എടുത്തുപോകുന്ന ഇറോഷൻ സോൺ ആണ് ഇതെന്നു നാട്ടുകാർ പറയുന്നു. ഒരു മീറ്റർ എങ്കിലും കടൽ എടുക്കുന്നുണ്ടെന്ന് കമ്പനിയും സമ്മതിക്കുന്നു. നിർമ്മാണം ആരംഭിച്ചപ്പോൾ മതിലിൽനിന്ന് 10 മീറ്ററിലധികം ഉണ്ടായിരുന്ന കടൽ ഇപ്പോൾ പ്ലോട്ടിനകത്ത് അടിച്ചു കയറി മതിൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികൾ മുടക്കി ഭൂമിക്കടിയിൽ ഇത്ര വലിയ ടാങ്ക് നിർമ്മാണം നടക്കുന്നത്. 
അധികാര വികേന്ദ്രീകരണത്തിന്റെ ഇക്കാലത്തും പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്ന നിലപാടിലാണ് സെസ് നയത്തിൽ പോലും പഞ്ചായത്തീരാജ് നിയമം ബാധകമാണെന്നും കേരളത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇവിടമെന്നും വ്യവസ്ഥകൾ പാലിക്കാതെ ഇത്ര വലിയ സുരക്ഷാ ഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നുമാണ് പഞ്ചായത്തു നിലപാട്. ജനകീയ പോരാട്ടത്തെ തുടർന്ന് ഇപ്പോൾ നിർമ്മാണം നിർത്തിവെച്ചിട്ടുണ്ട്. പഠന സംഘം വിഷയം പഠിക്കുന്നുമുണ്ട്. എന്നാൽ അതിലൊന്നും വിശ്വാസമില്ലാത്തിനാലാണ് വൈപ്പിൻ ഒന്നടങ്കം നഗരത്തിലേക്ക് ഒഴുകുന്നത്. 
പുതുവൈപ്പിനു സമാനമായ മറ്റൊരു സമരവും പയ്യന്നൂരിൽ ശക്തിയാർജ്ജിക്കുകയാണ്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനും പെരുമ്പ പുഴയ്ക്കും മധ്യേ, വയലും തണ്ണീർത്തടങ്ങളും ഉൾപ്പെട്ട 129.74 ഏക്കർ കൃഷിഭൂമി ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികളുടെ എണ്ണ സംഭരണ ടാങ്കുകൾക്കായി വിട്ടുകൊടുക്കുന്നതിനെതിരെയാണ് സമരം. 
നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം, ജൈവ വൈവിധ്യ നിയമം, തീരദേശ പരിപാലന നിയമം എന്നിവ മറികടന്നാണിതെന്ന ആരോപണം ശക്തമാണ്. പതിവുപോലെ സി.പി.എം. പ്രതിനിധിയായ സ്ഥലം എം.എൽ.എയും പാർട്ടി നിയന്ത്രണത്തിലുള്ള പയ്യന്നൂർ നഗരസഭയും പദ്ധതിക്ക് അനുകൂലമാണ്.
സമരക്കാരുമായുള്ള ചർച്ചയെത്തുടർന്ന്, പരിസ്ഥിതി പഠനം നടത്തി റിപ്പോർട്ട് നൽകാൻ പദ്ധതി തയാറാക്കിയ കിറ്റ്കോ ലിമിറ്റഡിനോടു ജില്ലാ കലക്ടർ നിർദേശിച്ചിരിക്കുകയാണ്. എന്നാൽ അതിനിടയിലും പദ്ധതിക്കായുള്ള നീക്കം സജീവമാണ്. 39 കോടി ലിറ്റർ സംഭരണ ശേഷിയുള്ള ഇരുപതോളം കൂറ്റൻ ടാങ്കുകളാണ് പയ്യന്നൂരിലെ പുഞ്ചക്കാട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. 
53.98 ഏക്കറോളം കണ്ടൽകാട് മേഖലയും 76.43 ഏക്കർ വയലുമാണ് ഏറ്റെടുക്കപ്പെടുന്നത്. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതിക്ക് എണ്ണക്കമ്പനികൾ സമർപ്പിച്ച സാധ്യതാ പഠന റിപ്പോർട്ടിൽ ഇവിടം വരണ്ട ഭൂമിയായും ചതുപ്പുനിലമായും കാണിച്ചിരിക്കുന്നതായും ആരോപണമുണ്ട്. 
 

Latest News