ബെംഗളുരു- ആപിളിനു വേണ്ടി ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്ന തായ്‌ലാന്‍ഡ് കമ്പനി വിസ്‌ട്രോണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബെംഗളുരുവിനുടത്ത ഫാക്ടറിയിലുണ്ടായ അക്രമ സമരത്തില്‍ കമ്പനി തൊഴിലാളികളോട് മാപ്പു പറഞ്ഞു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം ചെയ്തത്. ജീവനക്കാരില്‍ ചിലര്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്തിരുന്നില്ലെന്ന കമ്പനി സമ്മതിച്ചു. ഇതില്‍ അതിയായ ഖേദമുണ്ടെന്നും തൊഴിലാളികളോട് ക്ഷമാപണം നടത്തുന്നുവെന്നും വിസ്‌ട്രോണ്‍ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയും ക്ഷേമവുമാണ് തങ്ങളുടെ മുന്തിയ പരിഗണന. തിരുത്തല്‍ നടപടിയുടെ ഭാഗമായി കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വൈസ് പ്രസിഡന്റിനെ നീക്കം ചെയ്തതായും കമ്പനി അറിയിച്ചു.
ആപ്‌ളിന്റെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് വിസ്‌ട്രോണ്‍ നിലപാട് മാറ്റുകയും തൊഴിലാളികള്‍ക്ക് അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്തത്. പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ പുതിയ ബിസിനസ് നല്‍കില്ലെന്ന് കമ്പനിയെ നിരീക്ഷിച്ചു വരികയാണെന്നും ആപിള്‍ വിസ്‌ട്രോണിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനി തൊഴിലാളികളോട് മാപ്പു പറഞ്ഞത്.
മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം ചെയ്യുന്ന തൊഴിലാളികള്‍ ഒരാഴ്ച മുമ്പാണ് അക്രമാസക്തരാകുകയും ഫാക്‌റയില്‍ പരാക്രമം നടത്തുകയും ഫര്‍ണിചറുകളും വാഹനങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തത്. ആയിരക്കണക്കിന് കരാര്‍ തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുത്തത്. സംഘര്‍ഷത്തില്‍ 500 കോടി രൂപയിലേറെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വിസ്‌ട്രോണ്‍ പറഞ്ഞിരുന്നു.
ആപ്‌ളിന്റെ ആഗോള സപ്ലയര്‍മാരാണ് തായ് കമ്പനിയായ വിസ്‌ട്രോണ്‍. തൊഴിലാളി സമരത്തെ തുടര്‍ന്ന് ആപിള്‍ അന്വേഷണം നടത്തിയിരുന്നു. തങ്ങളുടെ കരാറിലെ ചട്ടങ്ങള്‍ വിസ്‌ട്രോണ്‍ ലംഘിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചുവെന്ന് ആപ്ള്‍ പറഞ്ഞിരുന്നു.