ചണ്ഡിഗഢ്- പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ വലിയ പിന്തുണ നല്‍കുന്ന കമ്മീഷന്‍ ഏജന്റുമാര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേന്ദ്രം നടത്തിയ നികുതി റെയ്ഡുകള്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ ഒരു മാസത്തോളമായി നടന്നുവരുന്ന കര്‍ഷകരുടെ സമരം പൊളിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രമാണ് കൃഷി ഏജന്റുമാര്‍ക്കെതിരെ പഞ്ചാബില്‍ പലയിടത്തും ആദായ നികുതി റെയ്ഡ് നടത്താനുള്ള നീക്കത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അര്‍ഹതിയ എന്നു വിളിക്കപ്പെടുന്ന കമ്മീഷന്‍ ഏജന്റുമാരെയാണ് കേന്ദ്രം ഉന്നമിട്ടിരിക്കുന്നത്. പഞ്ചാബില്‍ പലയിടങ്ങളിലായി 14 ഏജന്റുമാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇവരുടെ ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും തടയാനുള്ള നീക്കമാണിതെന്നും ഇത് ബിജെപിയെ തിരിഞ്ഞ് കുത്തുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
കര്‍ഷകരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും അവരെ ഭിന്നിപ്പിക്കാനുമുള്ള നീക്കങ്ങളെല്ലാം പാളിയതോടെ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന്‍ ഏജന്റുമാരെ ഉന്നമിട്ട് കര്‍ഷക സമരം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഈ നടപടിയിലൂടെ വ്യക്തമായെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. കമ്മീഷന്‍ ഏജന്റുമാരും കര്‍ഷക സമരത്തിന് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്.
പഞ്ചാബിലെ പ്രമുഖ കമ്മീഷന്‍ ഏജന്റുമാരുടെ വീ്ടുകളിലും ഓഫീസുകളിലുമാണ് കഴിഞ്ഞ ദിവസം റെയഡ് നടന്നത്. നാലു ദിവസം മുമ്പ് മാത്രം നോട്ടീസ് നല്‍കി മറുപടിക്കും കാത്തുനില്‍ക്കാതെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു. ഇത് വ്യക്തമായും നിയമത്തെ മറികടക്കലാണെന്നും അമരീന്ദര്‍ സിങ് ആരോപിച്ചു.