ബെയ്ജിങ്- ചൈനീസ് മിലിറ്ററിയുടമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎസ് പുതുതായി 59 ചൈനീസ് കമ്പനികള്‍ക്കു കൂടി വിലക്കേര്‍പ്പെടുത്തിയതോടെ ശക്തമായ പ്രതികരണവുമായി ചൈന. യുഎസ് നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും വിരട്ടല്‍ അവസാനിപ്പിക്കണമെന്നും ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ചിപ് നിര്‍മാതാക്കളായ എസ്എംഐസിയെ ഈ വിലക്ക് ബാധിക്കും. ചൈനീസ് കമ്പനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും ചൈന ആവശ്യപ്പെട്ടു. ട്രംപ് സര്‍ക്കാര്‍ അധികാരമൊഴിയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുഎസ് പുതുതായി വീണ്ടും ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തത്. പുതിയ നീക്കം 77 കമ്പനികളെ ഉന്നമിട്ടാണ്. ഇവയില്‍ 59 കമ്പനികള്‍ ചൈനയിലും ഹോങ്കോങിലുമാണ്. ബാക്കിയുള്ളവ ബള്‍ഗേറിയ, ഫ്രാന്‍സ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ്.
ചൈന രാജ്യത്തിനകത്തും പുറത്തും നടത്തുന്ന അഴിമതിയും വിരട്ടല്‍ പെരുമാറ്റവും യുഎസിന്റെ ദേശീയ സുരക്ഷാ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു. മനുഷ്യാവകാശ ലംഘനം, സൗത്ത് ചൈന കടലില്‍ അടക്കമുള്ള ചൈനീസ് സേനയുടെ നീക്കങ്ങള്‍, യുഎസ് സാങ്കേതികവിദ്യ മോഷ്ടിക്കല്‍ തുടങ്ങി ആരോപണങ്ങളാണ് യുഎസ് വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിലക്ക് വന്നതോടെ യുഎസ് കമ്പനികള്‍ക്ക് ഈ കരിമ്പട്ടികയിലുള്‍പ്പെട്ട വിദേശ കമ്പനികളുമായി വ്യാപാരവും ഇടപാടുകളും നടത്താന്‍ നിയന്ത്രങ്ങള്‍ വന്നു. ഈ കമ്പനികളുമായി ബിസിനസ് നടത്തുന്നതിന് യുഎസ് കമ്പനികള്‍ക്ക് പ്രത്യേക അനുമതി വേണ്ടി വരും.