കൃഷ്ണഗിരി- തമിഴ്‌നാട്ടിലെ കൃഷണഗിരി ജില്ലയിലെ നാടാര്‍ കൊട്ടൈയില്‍ റോഡ് മുറിച്ചു കടക്കവെ വാഹനം കയറി ചത്ത മലമ്പാമ്പിന് നാട്ടുകാര്‍ ആദരവോടെ ശവസംസ്‌ക്കാര ചടങ്ങൊരുക്കി. ശനിയാഴ്ച രാവിലെയാണ് കൂറ്റന്‍ പാമ്പ് അപകത്തില്‍പ്പെട്ടത്. പലരും ഫോട്ടോകളും സെല്‍ഫികളുമെടുത്ത് അതുവഴി കടന്നു പോയപ്പോള്‍ നാട്ടുകാരായ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് സഹജീവിക്ക് മാന്യമായ അന്ത്യയാത്ര ഒരുക്കുകയായിരുന്നു. പാമ്പിനെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം വെള്ളത്തുണിയില്‍ പൊതിഞ്ഞ് പൂമാല ചാര്‍ത്തി കിടത്തുകയും ശേഷം പതിവു സംസ്‌ക്കാര ചടങ്ങു പോലെ 'മൃതദേഹം' വഹിച്ചുള്ള വിലാപ യാത്രയും ഉണ്ടായിരുന്നു. 'അന്ത്യകര്‍മങ്ങള്‍ക്കു' ശേഷം പാമ്പിനെ നാട്ടുകാര്‍ എല്ലാ ആദരവുകളോടും കൂടി സംസ്‌ക്കരിച്ചു. മനുഷ്യര്‍ക്കു ലഭിക്കുന്ന ബഹുമാനത്തിനും ആദരവിനും തുല്യമായ സ്‌നേഹം ഒരു പാമ്പിനും ലഭിക്കണമെന്ന് ആഗ്രഹിച്ച ഒരു കൂട്ടം ആളുകളുടെ അസാധാരണ ശ്രമമായിരുന്നു ഇതെന്ന് നാട്ടുകാരനായ കൃഷ്ണന്‍ പറഞ്ഞു.