റിയാദ്- വ്യവസായ മേഖലയിൽ സൗദിവൽക്കരണം ലക്ഷ്യം പിന്നിട്ടതായി വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. വ്യവസായ മേഖലയിൽ 25 ശതമാനം സൗദിവൽക്കരണമാണ് ലക്ഷ്യമിട്ടിരുന്നത്. നിലവിൽ ഇത് 30 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ട്. സ്വദേശികളെ ജോലിക്കു വെക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച നിക്ഷേപകരുടെ ബോധ്യമാണ് വ്യവസായ രംഗത്ത് സൗദിവൽക്കരണം ഉയരാൻ സഹായിച്ചത്.
വ്യവസായ മേഖലയിൽ സ്വദേശികൾ ഏർപ്പെട്ട ജോലികൾ കൃത്യമായി മനസ്സിലാക്കുന്നതിന് ഡാറ്റകൾ മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഈ വർഷം മാത്രം വ്യവസായ മേഖല 35,000 ലേറെ തൊഴിലുകൾ സൃഷ്ടിച്ചു. ഇതിൽ മൂന്നിൽ രണ്ടും സ്വദേശി യുവതീയുവാക്കൾക്കാണ് ലഭിച്ചത്. നാലാമത് വ്യാവസായിക വിപ്ലവം സ്വദേശികൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നാലാമത് വ്യാവസായിക വിപ്ലവത്തോടെ നിരവധി പരമ്പരാഗത തൊഴിലുകൾ അപ്രത്യക്ഷമാകും. ഈ ഘട്ടത്തിൽ നൂതന സാങ്കേതികവിദ്യകൾക്കാകും ഊന്നൽ നൽകുക. ടെലികോം മേഖലയിൽ മികച്ച പശ്ചാത്തല സൗകര്യങ്ങളുള്ളതിനാൽ നാലാമത് വ്യാവസായിക വിപ്ലവം സാധ്യമാക്കുന്നതിന് സൗദി അറേബ്യക്ക് പ്രാപ്തിയുണ്ട്. ടെലികോം മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെ മികവ് കൊറോണ മഹാമാരിക്കിടെ വ്യക്തമായതായും പറഞ്ഞു.
കൊറോണ പ്രതിസന്ധി കാലത്ത് വ്യവസായ മന്ത്രാലയം 800 വ്യവസായ ലൈസൻസുകൾ അനുവദിച്ചു. ആകെ 2,100 കോടിയിലേറെ റിയാലിന്റെ വ്യവസായ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള ലൈസൻസുകളാണ് അനുവദിച്ചത്. ആവശ്യം കുറഞ്ഞതിനാൽ കൊറോണ പ്രതിസന്ധി വ്യവസായ മേഖലയെ മൊത്തത്തിൽ ബാധിച്ചതായും ബന്ദർ അൽഖുറൈഫ് പറഞ്ഞു.
ഒക്ടോബറിൽ വ്യവസായ മേഖലയിൽ 3,000 ഓളം സ്വദേശികൾക്ക് തൊഴിൽ ലഭിച്ചിരുന്നു. ഒക്ടോബറിൽ പുതുതായി 124 വ്യവസായശാലകൾക്ക് ലൈസൻസ് അനുവദിച്ചു. ഈ സ്ഥാപനങ്ങൾ ഭാവിയിൽ 5,000 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഒക്ടോബറിൽ 31 ഫാക്ടറികൾ ഉൽപാദനം ആരംഭിച്ചു. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്ഥാപന ഘട്ടത്തിലുള്ളതും പ്രവർത്തിക്കുന്നതുമായ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 9,563 ആയി ഉയർന്നിട്ടുണ്ട്. സെപ്റ്റംബറിൽ രാജ്യത്ത് 9,445 വ്യവസായ സ്ഥാപനങ്ങളാണുണ്ടായിരുന്നത്. ഒരു മാസത്തിനിടെ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 1.3 ശതമാനം വളർച്ച രേഖപ്പെടുത്തി. 2019 ഒക്ടോബറിൽ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 8,691 ആയിരുന്നു. ഒക്ടോബർ മാസത്തിൽ വ്യവസായ മേഖലയിൽ 2,986 സൗദികൾക്ക് പുതുതായി തൊഴിൽ ലഭിച്ചു.
സൗദിയിൽ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന 1,055 ഫാക്ടറികളും റബ്ബർ ഉൽപാദിപ്പിക്കുന്ന 1,253 ഫാക്ടറികളും 941 കെമിക്കൽ ഫാക്ടറികളും 350 ഫർണിച്ചർ ഫാക്ടറികളും വൈദ്യുതി ഉപകരണങ്ങൾ നിർമിക്കുന്ന 322 ഫാക്ടറികളും പേപ്പറും പേപ്പർ ഉൽപന്നങ്ങളും നിർമിക്കുന്ന 354 വ്യവസായ ശാലകളും പ്രവർത്തിക്കുന്നുണ്ട്. ഉപകരണങ്ങളും യന്ത്രങ്ങളും ഒഴികെ ഫോംഡ് മിനറൽസ് ഉൽപന്നങ്ങൾ നിർമിക്കുന്ന 1,156 ഫാക്ടറികളും നോൺ-മെറ്റാലിക് മിനറൽസ് ഉൽപന്നങ്ങൾ നിർമിക്കുന്ന 1,926 വ്യവസായശാലകളും തരംതിരിക്കാത്ത ഉപകരണങ്ങളും യന്ത്രങ്ങളും നിർമിക്കുന്ന 318 ഫാക്ടറികളും മെറ്റാലിക് ഉൽപങ്ങൾ നിർമിക്കുന്ന 470 ഫാക്ടറികളും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന 1,253 വ്യവസായശാലകളും രാജ്യത്തുണ്ട്.
രാജ്യത്ത് വ്യവസായ നഗരങ്ങളിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം രണ്ടു വർഷത്തിനിടെ ഇരട്ടിയിലേറെയായി ഉയർന്നിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇൻഡസ്ട്രിയൽ സിറ്റികളിൽ 17,000 ലേറെ സ്വദേശി വനിതകൾ ജോലി ചെയ്യുന്നുണ്ട്. 2018 അവസാനത്തിൽ വ്യവസായ നഗരങ്ങളിൽ സൗദി വനിതാ ജീവനക്കാർ 7,860 മാത്രമായിരുന്നു. രണ്ടു വർഷത്തിനിടെ ഇൻഡസ്ട്രിയൽ സിറ്റികളിൽ ജോലി ചെയ്യുന്ന സൗദി വനിതാ ജീവനക്കാരുടെ എണ്ണം 120 ശതമാനം തോതിൽ വർധിച്ചു.
മധ്യസൗദിയിൽ 12 വ്യവസായ നഗരങ്ങളുണ്ട്. ഇവിടങ്ങളിൽ 11,750 സൗദി വനിതകൾ ജോലി ചെയ്യുന്നു. പശ്ചിമ സൗദിയിൽ 13 ഇൻഡസ്ട്രിയൽ സിറ്റികളാണുള്ളത്. ഇവിടങ്ങളിൽ ആകെ 3,500 സൗദി വനിതകൾ ജോലി ചെയ്യുന്നു. കിഴക്കൻ സൗദിയിൽ പത്തു വ്യവസായ നഗരങ്ങളാണുള്ളത്. ഇവിടങ്ങളിൽ 1,750 സൗദി വനിതാ ജീവനക്കാരുണ്ട്.