ലഖ്‌നൗ- അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനു പകരമായി സുപ്രീം കോടതി വിധി പ്രകാരം നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖയും രേഖാചിത്രവും പ്രകാശനം ചെയ്തു. മസ്ജിദ് നിര്‍മാണത്തിനായി രൂപീകരിക്കപ്പെട്ട ഇന്തോ ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷനാണ് ഇന്ന് പദ്ധതി അവതരിപ്പിക്കുകയും രേഖാചിത്രങ്ങള്‍ പ്രകാശനം ചെയ്യുകയും ചെയ്തത്. ഫ്യൂചറിസ്റ്റിക് രൂപകല്‍പ്പനയിലുള്ള മനോഹര പള്ളിയും അനുബന്ധമായുള്ള ആശുപത്രിയുടേയും ചിത്രങ്ങളാണ് പുറത്തു വിട്ടത്.
പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണത്തിനായുള്ള ശിലാസ്ഥാപനം റിപബ്ലിക് ദിനമായ ജനുവരി 26ന് നടക്കുമെന്ന് ഇന്തോ ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ രണ്ടു ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ പള്ളിയും ആശുപത്രിയുമാണ് നിര്‍മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ആശു പത്രി കൂടുതല്‍ വികസിപ്പിക്കുമെന്നും ഫൗണ്ടേഷന്‍ അറിയിച്ചു. പുതിയ പള്ളിയുടെ പേര് തീരുമാനിച്ചിട്ടില്ല. മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേര് നല്‍കില്ലെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അത്യാധുനിക രൂപകല്‍പ്പനാ ആശയങ്ങളും ഇസ്‌ലാമിക പൈതൃകരീതികളും സമന്വയിക്കുന്ന മാതൃകയാണ് ഇന്ന് അവതരിപ്പിച്ചത്. വമ്പന്‍ ചില്ലു താഴികക്കുടവും ചുറ്റും മനോഹരമായ പൂന്തോപ്പുമാണ് രേഖാ ചിത്രത്തിലുള്ളത്. ലോകത്തൊട്ടാകെയുള്ള ആധുനിക മസ്ജിദ് രൂപകല്‍പ്പനകളെ അടിസ്ഥാനമാക്കിയാണ് പള്ളിയുടെ രൂപകല്‍പ്പനയെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു. ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ ഉള്ളതായിരിക്കും.
ബാബരി ഭൂമി രാമ ക്ഷേത്ര നിര്‍മാണത്തിനു വിട്ടുകൊടുക്കുകയും പകരമായി അഞ്ചേക്കര്‍ ഭൂമി പള്ളി നിര്‍മാണത്തിന് നല്‍കുകയും വേണമെന്ന സുപ്രീം ഉത്തരവിനെ തുടര്‍ന്ന് ആയോധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് പുതിയ പള്ളിയും ആശുപത്രിയും മ്യൂസിയം അടക്കമുള്ള സാംസ്‌ക്കാരിക കേന്ദ്രവും ഉയരുന്നത്.