Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി ആഗ്രഹിക്കുന്നതു പോലെ പ്രവര്‍ത്തിക്കാന്‍ തയാറെന്ന് രാഹുല്‍; കൈയടിച്ച് നേതാക്കള്‍

ന്യൂദല്‍ഹി- പാര്‍ട്ടിയും നേതാക്കളും ആഗ്രഹിക്കുന്നതു പോലെ പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിക്ക് കരുത്തുറ്റ നേതൃത്വമില്ലാത്തതിനെ വിമര്‍ശിച്ച മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത പാര്‍ട്ടി അധ്യക്ഷ്യ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാഹുല്‍ സന്നദ്ധത അറിയിച്ചത്. എല്ലാവരും ആഗ്രഹിക്കുന്നതു പോലെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന രാഹുലിന്റെ പ്രതികരണത്തെ യോഗത്തില്‍ പങ്കെടുത്ത വിമതസ്വരമുയര്‍ത്തിയ നേതാക്കളടക്കം എല്ലാവരും കയ്യടികളോടെയാണ് സ്വീകരിച്ചതെന്നും റിപോര്‍ട്ടുണ്ട്. പുതുവര്‍ഷത്തില്‍ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനൊരുങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയില്‍ തിരിച്ചെത്തുമെന്ന സൂചന ആയാണ് ഇതു വിലയിരുത്തപ്പെടുന്നത്.

സോണിയയും രാഹുലും പ്രിയങ്കയും വിമതസ്വരമുയര്‍ത്തിയ നേതാക്കളും അടക്കം പങ്കെടുത്ത ഇന്ന് നടന്ന സുപ്രധാന യോഗം അഞ്ചു മണിക്കൂറോളം നീണ്ടു. സോണിയയുടെ വസതിയിലായിരുന്നു യോഗം. നേതൃത്വത്തിനെതിരെ പരസ്യമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതിനു ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു അനുരജ്ഞന യോഗം നടന്നത്. അഞ്ചു മാസമായി കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരനക്കവും ഇല്ലായിരുന്നു. പരസ്പര ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു. ബൂത്ത് തലങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞതായി മുതിര്‍്ന്ന നേതാവ് പവന്‍ ബന്‍സല്‍ പറഞ്ഞു. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ബന്‍സല്‍ അറിയിച്ചു.

യോഗത്തില്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളോടുള്ള വിമര്‍ശന സ്വരം മയപ്പെടുത്തിയില്ലെന്നും റിപോര്‍ട്ടുണ്ട്. മുതിര്‍ന്ന നേതാവും ഈ യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ പ്രധാന നീക്കം നടത്തുകയും ചെയ്ത കമല്‍നാഥ് നയിച്ച മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയിലാണ് രാഹുല്‍ യോഗത്തില്‍ പ്രതികരിച്ചത്. ആര്‍എസ്എസ് ഓഫീസര്‍മാരാണ് മധ്യപ്രേദശ് ഭരിച്ചിരുന്നതെന്ന് രാഹുല്‍ പറഞ്ഞതായി റിപോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് തലത്തില്‍ സഖ്യകക്ഷിയായ ഡിഎംകെയുടെ സഹായിയായി മാത്രമായി ചുരുങ്ങിയെന്നും മുതിര്‍ന്ന നേതാവ് പി ചിദംബരത്തോട് രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ നിലപാടുകളോട് ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും ആരുമായും അദ്ദേഹത്തിന് പ്രശ്‌നമില്ലെന്നും ബന്‍സല്‍ പറഞ്ഞു. 


 

Latest News