ജിദ്ദ - ട്രാക്കുകൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴകൾ ചുമത്തുന്ന സംവിധാനം മക്ക അടക്കം അഞ്ചിടങ്ങളിൽ നാളെ മുതൽ നിലവിൽ വരുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. മക്കക്കു പുറമെ, മദീന, അസീർ, ഉത്തര അതിർത്തി പ്രവിശ്യ, ഖുറയ്യാത്ത് എന്നിവിടങ്ങളിലാണ് ഈ സംവിധാനം നിലവിൽവരിക.
ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രാക്ക് പരിധി ലംഘിക്കുന്നവരെ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം നടപ്പാക്കുന്നത്. ഏതാനും പ്രധാന നഗരങ്ങളിൽ ഈ പദ്ധതി അടുത്തിടെ നടപ്പാക്കിയിരുന്നു. ട്രാക്ക് പരിധി പാലിക്കാതിരിക്കുന്നത് റോഡിൽ ഗതാഗത തടസ്സത്തിനും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാകാനും കാരണമാകും. റോഡുകൾ ഉപയോഗിക്കുന്നവരുടെ സുരക്ഷ കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴകൾ ചുമത്തുന്നത്. ട്രാക്ക് പരിധി ലംഘിക്കുന്നത് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.