മുംബൈ- കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങളുണ്ടായി എന്നതു പോലുള്ള വാദങ്ങള്‍ ഉയര്‍ന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാധ്യതയില്‍ നിന്ന് വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികളെ ഒഴിവാക്കുകയും സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പുനവാല ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് സിറം. വാക്‌സിന്‍ നിര്‍മാണത്തിലെ വെല്ലുവിളികളെ കുറിച്ച് ഒരു വെര്‍ച്വല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് കേസുകളുണ്ടായാല്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് അദാര്‍ ആവശ്യപ്പെട്ടത്.
എല്ലാ തരം കേസുകളില്‍ നിന്നും വാക്‌സിന്‍ നിര്‍മാതാക്കളെ സര്‍ക്കാര്‍ സംരക്ഷിക്കണം. ഇതിനെ കുറിച്ച് പല രാജ്യങ്ങളും സംസാരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ ആളുകളില്‍ പ്രതിരോധ കുത്തിവെപ്പെടുക്കുന്നതു സംബന്ധിച്ച് ഭയം സൃഷ്ടിക്കുമെന്നും വാക്‌സിന്‍ നിര്‍മാണ കമ്പനികളെ കുത്തുപാളയെടുപ്പിച്ചേക്കുമെന്നും അദാര്‍ പറഞ്ഞു. ഈ ആവശ്യം സര്‍ക്കാരിനു മുമ്പില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.