റിയാദ് - വിദേശ തൊഴിലാളിയുടെ ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കാൻ ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ പ്ലാറ്റ്‌ഫോമിൽ തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് ഫൈനൽ എക്‌സിറ്റ് റദ്ദാക്കേണ്ടത്. ഫൈനൽ എക്‌സിറ്റ് വിസ കാലാവധി 60 ദിവസമാണ്. കാലാവധിക്കുള്ളിലാണ് ഫൈനൽ എക്‌സിറ്റ് റദ്ദാക്കുന്നതെങ്കിൽ പിഴകൾ ബാധകമല്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. തന്റെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് വിസ നൽകിയിട്ടുണ്ടെന്നും ഫൈനൽ എക്‌സിറ്റ് റദ്ദാക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും അറിയിച്ചും ഇതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ആരാഞ്ഞും സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.