ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കില്ലെന്ന ശക്തമായ നിലപാടില്‍ തുടരുന്ന പ്രധാമന്ത്രി നരേന്ദ്ര മോഡി കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആഭ്യര്‍ത്ഥിച്ചു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും ആശങ്കകളെല്ലാം പരിഹരിക്കാമെന്നും തലകുനിച്ച്, കൈകള്‍ കൂപ്പി അപേക്ഷിക്കുന്നുവെന്ന് മോഡി സമരം ചെയ്യുന്ന കര്‍ഷകരോട് പറഞ്ഞു. മധ്യപ്രദേശിലെ കര്‍ഷകരോട് ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാര്‍ഷിക നിയമങ്ങളോടെ മിനിമം താങ്ങുവില സംവിധാനം ഇല്ലാതാകുമെന്നത് ഏറ്റവും വലിയ നുണയാണെന്നും മോഡി ആവര്‍ത്തിച്ചു. കാര്‍ഷിക രംഗത്തെ പരിഷ്‌ക്കരണങ്ങള്‍ രണ്ടു പതിറ്റാണ്ടായി ഓരോ സര്‍ക്കാരുകളും ചെയ്ത ചര്‍ച്ചകളിലൂടെ ഉണ്ടായതാണ്. ഈ നിയമങ്ങള്‍ ഒറ്റ രാത്രിയില്‍ ഉണ്ടായവ അല്ല. കേന്ദ്രവും സംസ്ഥാനങ്ങളും 22 വര്‍ഷങ്ങളായി വിശദമായി ചര്‍ച്ച ചെയ്തതാണ്. കര്‍ഷക സംഘടനകളും കാര്‍ഷിക വിദഗ്ധരും സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞരുമെല്ലാം ഈ പരിഷ്‌ക്കരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിയമങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞ പരിഷ്‌ക്കരണങ്ങളാണിവയെന്നും ഇപ്പോഴത്തെ അവരുടെ നിലപാട് ഇരട്ടത്താപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക പരിഷ്‌ക്കരണങ്ങളുടെ ക്രെഡിറ്റ് മോഡിക്ക് ലഭിക്കുന്നതാണ് ഈ പാര്‍ട്ടികളുടെ പ്രശ്‌നം. എനിക്കു ക്രെഡിറ്റ് വേണ്ട. കര്‍ഷകരുടെ ജീവിതം മെച്ചപ്പെട്ടു കണ്ടാല്‍ മതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തണം- മോഡി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീഷണിപ്പെടുത്തിയാണ് കര്‍ഷകരെ സമരത്തിനിറക്കിയതെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്നും മോഡി ആരോപിച്ചു.