ന്യൂദല്‍ഹി- ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചും ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിച്ച കോവാക്‌സിന്‍ എന്ന കോവിഡ് പ്രതിരോധ മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് വേണ്ടത്ര ആളുകള്‍ സന്നദ്ധരാകുന്നില്ലെന്ന് റിപോര്‍ട്ട്. ദല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) നടക്കുന്ന പരീക്ഷണങ്ങള്‍ക്കാണ് മതിയായ ആളുകളെ ലഭിക്കാത്തത്. വൈകാതെ കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നു കരുതിയാകാം ആളുകള്‍ പരീക്ഷണത്തിന് സന്നദ്ധരാകാന്‍ വിമുഖത കാണിക്കുന്നതെന്ന് എയിംസ് അധികൃതര്‍ നിരീക്ഷിച്ചു.
കോവാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് എയിംസ്. 1500-2000 സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇതിനായി വേണ്ടത്. എന്നാല്‍ ഇതുവരെ വെറും 200 പേരെ മാത്രമെ ലഭിച്ചിട്ടുള്ളൂവെന്ന് വാക്‌സീന്‍ പരീക്ഷണത്തിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും എയിംസ് പ്രൊഫസറുമായ ഡോ. സഞ്ജയ് റായ് പറഞ്ഞു.