വഡോദര- മുസ്ലിം യുവാവിന്റേയും ഹിന്ദു യുവതിയുടേയും പ്രണയ വിവാഹത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ സംഘടിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ സംഘര്‍ഷം.
ഗുജറാത്തിലെ വഡോദരയില്‍ കരേലിബാഗ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. പോലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചവരെ പോലീസ് തടയുകയായിരുന്നു. രണ്ട് സമുദായങ്ങളില്‍ പെട്ടവരും പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു.
നാഗര്‍വാഡയിലെ ഹിന്ദു പെണ്‍കുട്ടിയും മുസ്ലീം യുവാവും ഒളിച്ചോടി മുംബൈയില്‍വെച്ചാണ് വിവാഹിതരായത്. ഇരുപതു വയസ്സായ ഇവര്‍ മുംബൈയിലെ ബാന്ദ്രയിലാണ് നിക്കാഹ് നാമ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച അവര്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അയല്‍വാസികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭീഷണി ചൂണ്ടിക്കാട്ടി ദമ്പതികള്‍ പോലീസിനെ സമീപിച്ചു. പോലീസ് ദമ്പതികള്‍ക്ക് ഉപദേശം നല്‍കി അതത് വീടുകളിലേക്ക് തിരിച്ചയച്ചു.
പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലേക്കും വിവാഹത്തിലേക്കും നയിച്ചതാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ കുടുംബവും മറ്റു ചിലരും പോലീസിനെ സമീപിച്ചത്.
എന്നാല്‍ വിവാഹത്തിന് നിയമ സാധുതയുള്ളതിനാല്‍ ദമ്പതികള്‍ക്കെതിരെ കേസെടുക്കാനാവില്ലെന്ന് കരേലിബാഗ് പോലീസ് സ്‌റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.എ ജഡേജ പറഞ്ഞു.
മുതിര്‍ന്നവരാണെന്നും പരസ്പരം സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നുമാണ് ദമ്പതികള്‍ പോലീസിനെ അറിയിച്ചത്. യുവതി ഇസ്ലാം മതം സ്വീകരിച്ചുവെന്നും മുംബൈയിലായിരുന്നു നിക്കാഹെന്നും പോലീസ് പറഞ്ഞു. മതപരിവര്‍ത്തനം ചെയ്തുള്ള വിവാഹത്തിന് ജില്ലാ കലക്ടറുടെ അനുമതിവേണമെന്ന ഗുജറാത്തിലെ നിയമം ബാധകമാക്കാനാകില്ലെന്നും മഹാരാഷ്ട്രയില്‍ അത്തരമൊരു നിയമമില്ലെന്നും പോലീസ് വ്യക്തമാക്കി.
ക്രമസമാധാന പ്രശ്‌നത്തില്‍ ആശങ്കയുള്ളതിനാലാണ് ലവ് ജിഹാദ് ആരോപിച്ച് നടപടിയെടുക്കണമെന്ന ആവശ്യം നിരാകരിച്ചതെന്നും ദമ്പതികളെ അവരവരുടെ കുടുംബങ്ങളോടൊപ്പം അയച്ചതെന്നും പോലീസ് പറഞ്ഞു.
ദമ്പതികള്‍ നാട്ടിലെത്തി വരന്റെ വീട്ടില്‍ താമസിച്ചുവെങ്കിലും ഭീഷണിയെ തുടര്‍ന്നാണ് പോലീസിന്റ സഹായം തേടിയത്. രണ്ട് കുടുംബങ്ങളെയും പോലീസ് കൗണ്‍സിലിംഗിനായി വിളിപ്പിച്ചിരുന്നു. യുവതിയുടെ കുടുംബമാണ് വിവാഹത്തില്‍ ആദ്യം എതര്‍പ്പ് പ്രകടിപ്പിച്ചതെങ്കിലും ആക്രമണ ഭീതിയെ തുടര്‍ന്ന് പിന്നീട് യുവാവിന്റെ കുടുംബവും എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.