Sorry, you need to enable JavaScript to visit this website.

ഹിമാചലിൽ കോൺഗ്രസ് ഒളിച്ചോടിയെന്ന് മോഡിയുടെ പരിഹാസം

ഉന (ഹിമാചൽ പ്രദേശ്) - ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് ഏകപക്ഷീയമായി മാറിയെന്നും കോൺഗ്രസുകാർ രംഗം വിട്ടോടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരിഹാസം. ഹിമാചൽ പ്രദേശിലെ ഉനയിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോഡി. നോട്ടു നിരോധത്തിന്റെ 'ചൂട്' ഇപ്പോഴും വിട്ടുമാറാത്ത ഒരു കൂട്ടർ ഇതിന്റെ ഒന്നാം വാർഷികം കരിദിനമായി ആചരിക്കാനൊരുങ്ങുകയാണെന്ന് മോഡി പരിഹസിച്ചു. കോൺഗ്രസിന്റെ ഇപ്പോഴത്തെ വിലാസം തന്നെ അഴിമതിക്കാർ എന്നാണെന്നു പറഞ്ഞ മോഡി, ജനക്ഷേമം ഒരിക്കലും അവർക്കു പ്രധാനപ്പെട്ടതല്ലെന്നും വിമർശിച്ചു.
കോൺഗ്രസ് ചിതലിനെപ്പോലെയാണെന്നും അവരെ തുടച്ചു നീക്കണമെന്നും കഴിഞ്ഞ ദിവസം മോഡി പ്രസംഗിച്ചിരുന്നു. ബിനാമി സ്വത്തു നിയമം കോൺഗ്രസ് സർക്കാർ പാസാക്കാത്തത് അതു സ്വന്തം കുഴിതോണ്ടലാകുമെന്ന് ബോധ്യമുള്ളതിനാലാണ്. അവരുടെ തന്നെ തെറ്റായ പ്രവർത്തനങ്ങളെ ഈ നിയമം തുറന്നുകാട്ടും. രാജ്യത്തെ ഗതാഗത രംഗത്ത് ഏറ്റവുമധികം മാറ്റം കൊണ്ടുവന്ന നീക്കമാണ് ജിഎസ്ടി നടപ്പാക്കിയത്. അന്തർ സംസ്ഥാന ചരക്കുനീക്കം ഇതുവഴി പുതിയ വേഗം കൈവരിച്ചു. വികസനത്തിലാണ് നമ്മുടെ കണ്ണ്. രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം വികസനമാണ്. രാജ്യത്തെ പുതിയ തലങ്ങളിലേക്കു നയിക്കാൻ അതിനാകും.- മോഡി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം കോൺഗ്രസ് ഭരണകാലത്ത് മുരടിച്ചിരിക്കുകയായിരുന്നു. ബിജെപി സർക്കാർ അധികാരത്തിലെത്തി മൂന്നു വർഷത്തിനുള്ളിൽ കാര്യമായ വ്യത്യാസം സംഭവിച്ചു. ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റാനുറച്ചാണ് ഈ സർക്കാർ മുന്നേറുന്നത്. യുവജനങ്ങൾക്ക് ജോലി ഉറപ്പാക്കാനും പ്രായാധിക്യം കൊണ്ട് അവശതയനുഭവിക്കുന്നവർക്ക് ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭ്യമാക്കാനും സർക്കാർ വേണ്ടതു ചെയ്യും. ജനങ്ങളെ സേവിക്കാനായി സ്വയം സമർപ്പിച്ചിരിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. ദൽഹിയിൽനിന്ന് ഓരോ പദ്ധതിക്കുമായി അനുവദിക്കുന്ന പണം പൂർണമായും ഗുണഭോക്താക്കളിലേക്കെത്തുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തുന്നതായും മോഡി പറഞ്ഞു.

Latest News