Sorry, you need to enable JavaScript to visit this website.

അലിഗഢ് നൂറാം വാര്‍ഷികത്തിന് മുഖ്യാതിഥി പ്രധാനമന്ത്രി മോഡി; രാഷ്ട്രീയമില്ലെന്ന് വാഴ്‌സിറ്റി

അലിഗഢ്- ചരിത്ര പ്രസിദ്ധമായ കേന്ദ്രസര്‍വകലാശാലയായ യുപിയിലെ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ നൂറാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. ഡിസംബര്‍ 22ന് വെര്‍ച്വലായാണ് പരിപാടി നടക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ നിശാങ്കും പങ്കെടുക്കും. ക്ഷണം സ്വീകരിച്ചതില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. താരിഖ് മന്‍സൂര്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. നൂറ്റാണ്ട് പിന്നിടുന്ന വാഴ്‌സിറ്റിയുടെ ആഘോഷ പരിപാടികളെ റിപബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, മീലാദുന്നബി, ഗാന്ധി ജയന്തി എന്നിവ പോലെ രാഷ്ട്രീയത്തിന് ഉപരിയായി കാണമെന്നും വിസി ആഭ്യര്‍ത്ഥിച്ചു. അടുത്തു തന്നെ നടക്കാനിരിക്കുന്ന മറ്റൊരു ഓണ്‍ലൈന്‍ ആഘോഷ പരിപാടിയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രൊഫ. താരിഖ് മന്‍സൂര്‍ അറിയിച്ചു.

കേന്ദ്രത്തിലും യുപിയിലും ബിജെപി അധികാരത്തിലെത്തിയ ശേഷം അലിഗഢുമായി ബിജെപി നേതാക്കള്‍ പോരിലായിരുന്നു. വാഴ്‌സിറ്റിയുടെ പേര് മാറ്റണമെന്നും പലപ്പോഴായി ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അലിഗഢ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ആരോപണങ്ങള്‍ ഇവര്‍ ആര്‍ത്തിക്കാറുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളുടെ പേരില്‍ അലിഗഢ് വാഴ്‌സിറ്റിയിലും പോലീസ് വിദ്യാര്‍ത്ഥികളെ വേട്ടയാടിയിരുന്നു. ഇത് വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.

സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും മുസ് ലിം വിദ്യാഭ്യാസ പ്രചാരകനുമായിരുന്ന സര്‍ സയദ് അഹമ്മദ് ഖാന്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളെജ് 1920 ഡിസംബര്‍ ഒന്നിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ അലിഗഢ് മുസ് ലിം യൂണിവേഴ്‌സിറ്റി ആയത്. ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്യപ്പെട്ടത് ആ വര്‍ഷം ഡിസംബര്‍ 17നായിരുന്നു. മുഹമ്മദ് അലി മുഹമ്മദ് ഖാന്‍ രാജ സാഹബ് ആയിരുന്നു പ്രഥമ വൈസ് ചാന്‍സലര്‍.
 

Latest News