ബറേലി- അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിലുള്ള അമര്‍ഷം കാരണമാണ് പ്രതിപക്ഷം കര്‍ഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നതെന്ന വിചിത്ര വാദവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതം ഏക ഭാരതവും ശ്രേഷ്ഠഭാരതവുമായി മാറുന്നതില്‍ കണ്ണുകടിയുള്ളവരാണിവരെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ആദ്യം മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് എടുത്തു കളയില്ലെന്നു സര്‍ക്കാര്‍ മറുപടിയും നല്‍കി. എന്നിട്ടും എന്തിന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു? അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് സഹിക്കാത്തവരാണ് ഇതിനു പിന്നില്‍. പ്രധാനമന്ത്രി മോഡി രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ടതില്‍ അവര്‍ക്ക് അമര്‍ഷമുണ്ട്- അദ്ദേഹം പറഞ്ഞു. യുപിയിലെ ബറേലിയില്‍ കര്‍ഷകര്‍ക്കു വേണ്ടി സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.