ന്യൂദൽഹി- രാജ്യമെമ്പാടും വാഹനങ്ങളുടെ തടസ്സമില്ലാത്ത നീക്കം ഉറപ്പാക്കുന്നതിന് ജി.പി.എസ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ടോൾ ശേഖരണത്തിന് സർക്കാർ അന്തിമരൂപം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ ടോൾ ഫ്രീ( ടോൾരഹിതം) യായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വാഹനഗതാഗതത്തെ അടിസ്ഥാനമാക്കി ടോൾ തുക ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കുമെന്ന് അസോചാം ഫൗണ്ടേഷന്റെ ഫൗണ്ടേഷൻ വാര പരിപാടിയിൽ ഗഡ്കരി പറഞ്ഞു. ഇപ്പോൾ എല്ലാ വാണിജ്യ വാഹനങ്ങളും വെഹിക്കിൾ ട്രാക്കിംഗ് സംവിധാനവുമായി ഇറങ്ങുന്നുണ്ടെങ്കിലും പഴയ വാഹനങ്ങളിൽ ജി.പി.എസ് സാങ്കേതികവിദ്യ ഘടിപ്പിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് മാസത്തോടെ ടോൾ പിരിവ് 34,000 കോടി രൂപയിലെത്തുമെന്ന് മന്ത്രി പ്രത്യാശിച്ചു. ടോൾ പിരിവിനായി ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടോൾ വരുമാനം 1,34,000 കോടി രൂപയാകുമെന്നും ഗഡ്കരി അറിയിച്ചു.