ഫിറോസാബാദ്, യുപി-വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു കാമുകനൊപ്പം ഒളിച്ചോടി. നവംബര്‍ 25നായിരുന്നു യുവതിയുടെ വിവാഹം. എല്ലാവിധ ആഘോഷങ്ങളോടെയും വിവാഹച്ചടങ്ങ് പൂര്‍ത്തിയാക്കി യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഗൃഹപ്രവേശം നടത്തുകയും ചെയ്തു.നവംബര്‍ 28നാണ് കാമുകനായ യുവാവ് തന്റെ പ്രണയിനിയെ തേടി ഇവരുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. യുവതിയുടെ സഹോദരന്‍ ആണെന്ന് പരിചയപ്പെടുത്തിയായിരുന്നു കടന്നുവരവ്. പുതിയതായി വിവാഹം നടന്ന വീടായതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ തിരക്കിലായിരുന്നു വീട്ടുകാര്‍. ഇതിനിടെ യുവതി കാമുകനൊപ്പം കടന്നു കളയുകയായിരുന്നു.വിവാഹത്തിന് ലഭിച്ച മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും എടുത്തുകൊണ്ടായിരുന്നു ഒളിച്ചോട്ടം.
നവവധുവിനെയും 'സഹോദരനെയും'വീട്ടില്‍ നിന്നും കാണാതായതോടെയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും പന്തികേട് മണത്തത്. എല്ലാവരും ചേര്‍ന്ന് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. അവരുടെ ഭാഗത്തു നിന്നും തെരച്ചില്‍ നടത്തുന്നുണ്ട്. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ അമ്മയും പരാതി നല്‍കിയിട്ടുണ്ട്.