റിയാദ് - കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിവരുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പ്രവത്തനങ്ങൾക്കുമുള്ള പൊതുജനങ്ങളുടെ പിന്തുണയാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ എൽ.ഡി.എഫ് തരംഗമെന്ന് നവോദയ റിയാദ് അഭിപ്രായപ്പെട്ടു.
ജനങ്ങളാകെ സർക്കാരിനനുകൂലമായും പ്രതിപക്ഷത്തിന്റെ കുപ്രചാരണങ്ങൾക്കെതിരായും നടത്തിയ ശക്തമായ പ്രതികരണമായി വേണം ഈ ജനവിധിയെ വിലയിരുത്താൻ. യു.ഡി.എഫും ബി.ജെ.പിയും ശക്തമായി ജനങ്ങളാൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവും വികസനവും ഇടതുപക്ഷം ചർച്ച ചെയ്തപ്പോൾ, പകർച്ചവ്യാധിയുടെ കാലത്തും നിരുത്തരവാദപരമായ സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ലോകം അംഗീകരിച്ച കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ കേരളത്തിലെ ജനങ്ങളും ഈ വോട്ടെടുപ്പിലൂടെ അംഗീകരിച്ചിരിക്കുന്നു. പണമൊഴുക്കിയും വർഗീയത വിളമ്പിയും വീണ്ടും അയ്യപ്പന്റെ പേരിൽ വോട്ടു ചോദിച്ചും എങ്ങനേയും കേരളത്തിന്റെ മണ്ണിൽ വേരോടാനുള്ള ബിജെപിയുടെ ശ്രമത്തിന് തടയിട്ടു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ചില മാധ്യമങ്ങളുടെ പിന്തുണയോടെ യുഡിഎഫ് നടത്തിയ സർവ നുണ പ്രചാരണങ്ങളേയും ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു.
ജനവിധിയിൽ നിന്നും പാഠം ഉൾക്കൊണ്ട് കോവിഡിനെതിരെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണക്കാൻ പ്രതിപക്ഷം തയാറാവണം. പ്രവാസികൾക്കനുകൂലമായി സർക്കാർ കൊണ്ടുവന്ന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കൂടിയാണ് ഈ ജനവിധിയെ നവോദയ കാണുന്നത്. ഇടതുപക്ഷ മുന്നണിക്കു വേണ്ടി പ്രവർത്തിക്കുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്ത മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായും നവോദയ പറഞ്ഞു.