തൊടുപുഴ- ആർക്കും ഭൂരിപക്ഷമില്ലാത്ത 35 അംഗ തൊടുപുഴ നഗരസഭയിൽ യു.ഡി.എഫ് 13, എൽ.ഡി.എഫ് 12, യു.ഡി.എഫ് റിബൽ 2, ബി.ജെ.പി എട്ട് എന്നിങ്ങനെയാണ് കക്ഷിനില. കാരുപ്പാറ (12) വാർഡിൽ സനീഷ് ജോർജും കീരികോട് വാർഡിൽ (19) നിസാ സക്കീറുമാണ് വിജയിച്ച യു.ഡി.എഫ് റിബലുകൾ. 2015 ൽ യു.ഡി.എഫ് 14, എൽ.ഡി.എഫ് 13, ബി.ജെ.പി എട്ട് എന്നിങ്ങനെയായിരുന്നു വിജയം. കോ-ഓപറേറ്റീവ് ഹോസ്പിറ്റൽ വാർഡ് നഷ്ടമായ ബി.ജെ.പി ന്യൂമാൻ കോളേജ് വാർഡ് പകരം നേടിയാണ് എട്ട് സീറ്റ് നിലനിർത്തിയത്.
എട്ട് സീറ്റുകളിൽ ജനവിധി തേടിയ മുസ്‌ലിം ലീഗ് നിലവിലുണ്ടായിരുന്ന ആറ് സീറ്റും നിലനിർത്തി. വടക്കുംമുറി (സഫിയാ ജബ്ബാർ), പെട്ടേനാട് (ജെസി ജോണി), മുതലക്കോടം (ഷഹനാ ജാഫർ), ഉണ്ടപ്ലാവ് (റസിയാ കാസിം), മലേപ്പറമ്പ് (എം.എ. അബ്ദുൽ കരിം), ബി.ടി.എം സ്‌കൂൾ (സാബിറ ജലീൽ) എന്നിവരാണ് ലീഗ് വിജയികൾ. കുമ്പങ്കല്ല് വാർഡിൽ രണ്ടാം വട്ടം മത്സരിച്ച സി.പി.എം സ്വതന്ത്ര സബീന ബിഞ്ജുവിനോട് 233 വോട്ടുകൾക്ക് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് ടി.എം. ബഷീറും, ബോയ്‌സ് എച്ച്.എസ്. വാർഡിൽ സി.പി.ഐയിലെ കെ.എം. മുഹമ്മദ് അഫ്‌സലിനോട് അബ്ദുൽഷരീഫും പരാജയപ്പെട്ടത് മുസ്‌ലിം ലീഗിന് ക്ഷീണമായി. ഏഴ് സീറ്റുകളിൽ മത്സരിച്ച പി.ജെ. ജോസഫ് വിഭാഗത്തിന്റെ വിജയം രണ്ട് വാർഡുകളിലൊതുങ്ങി.
റിബലുകളുടെ പിന്തുണയോടെ അംഗബലം 15 ആക്കാമെന്നും ബി.ജെ.പി മൗനം പാലിച്ചാൽ ചെയർമാൻ പദവി നേടാമെന്നുമാണ് യു.ഡി.എഫിന്റെ മനസ്സിലിരുപ്പ്.
കട്ടപ്പന നഗരസഭയിലെ 34 ൽ 23 സീറ്റ് യു.ഡി.എഫ് നേടി. കോൺഗ്രസ് -20, ജോസഫ്-3, ബി.ജെ.പി.-2, സി.പി.എം. 7, സി.പി.ഐ. ഒന്ന്, സ്വതന്ത്ര -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണ യു.ഡി.എഫിന് 18 ഉം ബി.ജെ.പിക്ക് രണ്ടും സീറ്റായിരുന്നു.