ജിദ്ദ- രാജ്യം നൂറുകൊല്ലം പിറകിലേക്കാണ് സഞ്ചരിക്കുന്നതെന്ന് പ്രമുഖ കവി മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു. വലിച്ചെറിഞ്ഞ ആചാരങ്ങളെല്ലാം തിരികെ എത്തിച്ച് നമ്മെ പിന്നോട്ടുവലിക്കുന്നവർക്കെതിരെ പ്രതിരോധം തീർക്കേണ്ടത് ആവശ്യമാണ്. ലഭിക്കാവുന്ന മാർഗത്തിലൂടെയെല്ലാം ജനങ്ങളെ പിടിച്ചുകെട്ടാൻ ഭരണകൂടം ഒരുങ്ങിനിൽക്കുകയാണ്. എന്ത് ഭക്ഷിക്കണം എന്ന കാര്യത്തിൽ പോലും നിർദ്ദേശങ്ങൾ വരുന്ന ഒരു കാലമാണ്. നഷ്ടപ്പെട്ടുപോയ കാലത്തെയും നന്മയെയും തിരിച്ചുപിടിക്കുക എന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ നവോദയ കിലോ അഞ്ച് ഏരിയ കൺവെൻഷന്റെ ഭാഗമായി 'സൂര്യകാന്തി നോവ്' എന്നപേരിൽ നടന്ന സംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം കവിതയായ 'രക്തസാക്ഷികൾ' എന്ന കവിത ചൊല്ലിക്കൊണ്ടായിരുന്നു ഇംപാല ഗാർഡൻ നിറഞ്ഞുകവിഞ്ഞ സാംസ്‌കാരികോത്സവ ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
ലോകത്തിൽ പ്രണയം ഇല്ലാത്ത ഭരണാധികാരികളാണ് ഫാസിസത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് തന്റെ കവിത രേണുക ആലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ദിവ്യമായ പ്രണയം ഇന്ന് നഷ്ടമായിരിക്കുന്നു. ന്യൂജനറേഷനെ ആ പേരു വിളിച്ച് ആക്ഷേപിക്കരുത്. അതിനുത്തരവാദികൾ അവരല്ല. കിട്ടേണ്ട സാധനം കിട്ടേണ്ട രീതിയിൽ കിട്ടിയാൽ എടുക്കേണ്ട സാധനം എടുക്കേണ്ട രീതിയിൽ അവരെടുക്കും.
ഇഷ്ടപ്പെട്ടത് വേണ്ടരീതിയിൽ നമ്മുടെ മുന്നിലേക്ക് വരുമ്പോൾ നാമത് സ്വീകരിക്കും. ചങ്ങമ്പുഴയുടെ കവിതകൾ പോലും നമ്മളറിയുന്നത് അത് സിനിമകളിൽ പാട്ടായി വന്നപ്പോഴാണ്. ശാരദാംബരം തുടങ്ങിയ പാട്ടുകൾ അതിന് ഉദാഹരണമാണ്. വേറെയും നിരവധി കവിതകൾ സിനിമയിൽ വന്നശേഷമാണ് ജനപ്രിയമായത്. ഈ കവിതകൾ മോശമായത് കൊണ്ടല്ല അവ ജനപ്രിയമാകാതിരുന്നത്. അതേസമയം, അത് ആവശ്യക്കാർക്കിടയിലേക്ക് എത്തിക്കേണ്ട രീതിയിൽ എത്തിച്ചപ്പോഴാണ് അതു സ്വീകരിക്കപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കവിതകൾ ചൊല്ലിയും സദസിനെ കൂടെപ്പാടിച്ചും കുട്ടികളെക്കൊണ്ട് കവിത ചൊല്ലിച്ചുളള മുരുകൻ കാട്ടാക്കടയുടെ ശൈലി വേറിട്ട അനുഭവമായി. ചടങ്ങിൽ മുരുകൻ കാട്ടാക്കടയുടെ 'രക്തസാക്ഷികൾ' എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം മുഹ്‌സിൻ കാളികാവ് സംവിധാനം ചെയ്ത് നവോദയയുടെ ബാലവേദി കുട്ടികൾ അവതരിപ്പിച്ചു.
അനിൽ നാരായണ, ഷെൽനാ വിജയ് എന്നിവരുടെ സാക്ഷാത്കാരത്തിൽ 'സൂര്യകാന്തി നോവ്' എന്ന കവിതയുടെ സംഗീത നടന കലാവിരുന്ന് ദശ്യവിസ്മയമായി. ഒപ്പന, നാടോടി നൃത്തങ്ങൾ, ഗാന സന്ധ്യ എന്നിവയും ചടങ്ങിന് മാറ്റ് കൂട്ടി.
കിലോ അഞ്ച് ഏരിയ പ്രസിഡന്റ് നാസർ പൊന്മന അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റഊഫ്, ജനറൽ സെക്രട്ടറി നവാസ് വെമ്പായം, പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ഏരിയ രക്ഷാധികാരി സലാഹുദ്ധീൻ കൊഞ്ചിറ, ഏരിയ സെക്രട്ടറി സാലി, ട്രഷറർ സെയ്ദ് എന്നിവർ സംസാരിച്ചു. ജിദ്ദ നവോദയ സെക്രട്ടറി ആസിഫ് കരുവാറ്റ സ്വാഗതവും ഹാജ നന്ദിയും പറഞ്ഞു.