ന്യൂദല്‍ഹി- അടുത്ത വര്‍ഷത്ത ജെ.ഇ.ഇ മെയിന്‍ പരീക്ഷ നാലു ഘട്ടങ്ങളിലായി നടത്തുമെന്നും ആദ്യ ഘട്ടം ഫെബ്രുവരി 23 മുതല്‍ 26 വരെ ആയിരിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊക്രിയാല്‍ അറിയിച്ചു. പരീക്ഷയുടെ അടുത്ത മൂന്ന് ഘട്ടങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍.ഐ.ടി, ഐ.ഐ.ടി മറ്റ് കേന്ദ്രസര്‍ക്കാര്‍ ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയിലെ എഞ്ചിനിയറിംഗ് ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി സാധാരണ വര്‍ഷത്തില്‍ രണ്ടു തവണ നടത്തുന്ന യോഗ്യതാ നിര്‍ണയ പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍.
എഞ്ചിനീയറിങ് പ്രവേശന പരീക്ഷ വാര്‍ഷത്തില്‍ നാലു തവണ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യത്തെ ശ്രമങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ കഴിയുന്നതിനാല്‍ നാലു ഘട്ടങ്ങളിലായുള്ള പരീക്ഷ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും. ഒരു തവണ ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് തയ്യാറെടുപ്പ് നടത്താനും ഹാജരാകാനും കഴിയും- മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളെയും പുതിയ രീതി സഹായിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.
ഫലപ്രഖ്യാപനം നടത്തുമ്പോള്‍, ഒരു വിദ്യാര്‍ത്ഥി നേടിയ ഏറ്റവും മികച്ച സ്‌കോറായിരിക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പരിഗണിക്കുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരു പരീക്ഷാര്‍ത്ഥി ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പരീക്ഷകളില്‍ പങ്കെടുക്കുകയും മാര്‍ച്ചിലേതിന് മികച്ച സ്‌കോര്‍ നേടുകയും ചെയ്‌തെങ്കില്‍, ആ സ്‌കോറായിരിക്കും അന്തിമഫലത്തില്‍ പരിഗണിക്കുക.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ മലയാളം, ആസാമിസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉര്‍ദു ഭാഷകളിലും എഴുതാമെന്ന് മന്ത്രി വ്യക്തമാക്കി.
ജെ.ഇ.ഇ മെയിന്‍, മറ്റ് പ്രവേശന പരീക്ഷകള്‍ എന്നിവയുടെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ജെ.ഇ.ഇ മെയിന്‍ 2021 നെക്കുറിച്ചുള്ള ബുള്ളറ്റിന്‍ ജെ.ഇ.ഇ പോര്‍ട്ടലില്‍ കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്തതിന് ശേഷം പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
ബുള്ളറ്റിന്‍ പ്രകാരം ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഫെബ്രുവരി 22 മുതല്‍ 25 വരെ നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് പരീക്ഷ നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.