ന്യൂദൽഹി- മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സി.ബി.ഐ അപ്പീൽ നൽകും. ഈ മാസം 20 നകം അപ്പീൽ നൽകുമെന്ന് സി.ബി.ഐ കൊച്ചി യൂണിറ്റ് അറിയിച്ചു.
ലാവ്‌ലിൻ കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഹൈക്കോടതിയിൽ സി.ബി.ഐ നേരത്തെ വാദിച്ചിരുന്നു. പിണറായി വിജയൻ അടക്കമുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കിയ നടപടി ശരിയല്ലെന്നും സി.ബി.ഐ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധി വന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ സി.ബി.ഐ തയ്യാറായിരുന്നില്ല. കേസിൽ നടപടി നേരിടുന്ന ചിലർ സുപ്രീം കോടതിയെ സമീപിക്കുകയും അവരുടെ പരാതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സി.ബി.ഐ ഒത്തുകളിക്കുന്നതിന്റെ ഭാഗമായാണ് കേസ് ഫയൽ ചെയ്യാത്തതെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.