ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടാഴ്ചയിലേറെയായി കര്‍ഷകര്‍ നടത്തി വരുന്ന സമരത്തിനിടെ മരിച്ചത് 20 കര്‍ഷകരാണെന്നും ഇതിനു ഉത്തരവാദികളായ സര്‍ക്കാര്‍ വില നല്‍കേണ്ടി വരുമെന്നും കര്‍ഷകരുടെ മുന്നറിയിപ്പ്. സമരകേന്ദ്രങ്ങളിലൊന്നായി സിംഘു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ ഇന്ന് യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. ഡിസംബര്‍ 20ന് ദുഖാചരണ ദിനമാണെന്നും എല്ലാ ഗ്രാമങ്ങളിലും രക്തസാക്ഷികള്‍ക്കു വേണ്ടി ആദരാഞ്ജലി അര്‍പ്പിക്കല്‍ നടക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. സര്‍ക്കാര്‍ പറയുന്നത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ്. എന്നാല്‍ തങ്ങളത് പിന്‍വലിപ്പിക്കുമെന്നും കര്‍ഷക നേതാവ് ജഗ്ജീത് ദല്ലെവാള്‍ പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് ഞങ്ങള്‍ ഒളിച്ചോടുകയല്ല, പക്ഷെ സര്‍ക്കാരിന് ഞങ്ങളുടെ ആവശ്യങ്ങല്‍ അംഗീകരിക്കേണ്ടി വരും- അദ്ദേഹം പറഞ്ഞു.
അതിനിടെ കര്‍ഷക സമരത്തിനെതിരെ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. പ്രതിപക്ഷം കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കുകയും ഇളക്കിവിടുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കര്‍ഷകരുടെ മനസ്സില്‍ ഭയം അടിച്ചേല്‍പ്പിക്കുകയാണെന്നും കാര്‍ഷിക നിയമം നടപ്പായാല്‍ അവരുടെ ഭൂമി തട്ടിയെടുക്കപ്പെടുമെന്ന് കര്‍ഷകരോട് പറഞ്ഞിരിക്കുകയാണെന്നും മോഡി പറഞ്ഞു.