റിയാദ്- അഴിമതി നിരോധനനിയമം കർശനമാക്കി സൗദി അറേബ്യ. നിയമത്തിന്റെ ഭാഗമായി പതിനൊന്ന് രാജകുമാരൻമാരെയും നിലവിലുള്ള നാലു മന്ത്രിമാരെയും തടവിലാക്കി ഉത്തരവിട്ടു. അഴിമതി,കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതി നിരോധന കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. 2009-ലെ ജിദ്ദ വെള്ളപ്പൊക്ക കേസും കൊറോണ വൈറസിന്റെ വ്യാപനവും പുനരന്വേഷിക്കാൻ തീരുമാനിച്ചു. നടപടി നേരിടുന്നവർക്ക് രാജ്യം വിടാൻ കഴിയില്ല. ഇവർ രാജ്യം വിടാതിരിക്കാൻ വിമാനതാവളങ്ങളിലടക്കം പരിശോധന കർശനമാക്കി. പണം വെളുപ്പിക്കലടക്കമുള്ള കേസുകളാണ് ഇവർ നേരിടുന്നത്. ആരൊക്കെയാണ് അറസ്റ്റിലായത് എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ടു മന്ത്രിമാരെയും നാവിക സേന തലവനെയും മാറ്റി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഭരണ രംഗത്ത് പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് തൊട്ടുപിറകെയാണ് അറസ്റ്റുണ്ടായത്. സർക്കാർ മേഖലയിലെ അഴിമതി കുറ്റങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയമിച്ചു.
നാഷണൽ ഗാർഡ് മന്ത്രിയായിരുന്ന മിത്അബ് ബിൻ അബ്ദുല്ല രാജകുമാരൻ, സാമ്പത്തിക, പ്ലാനിംഗ് മന്ത്രി ആദിൽ ഫഖീഹ് എന്നിവരെ മാറ്റി അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അയ്യാഫിനെ നാഷണൽ ഗാർഡ് മന്ത്രിയായും മുഹമ്മദ് അൽതുവൈജരിയെ സാമ്പത്തിക, പ്ലാനിംഗ് മന്ത്രിയായും നിയമിച്ചു. നാവിക സേന മേധാവി ലഫ്. ജനറൽ അബ്ദുല്ല ബിൻ സുൽത്താന് പകരം മേജർ ജനറൽ ഫഹദ് അൽഗുഫൈലിയെ തൽസ്ഥാനത്ത് നിയമിച്ചു.
സർക്കാർ സേവന മേഖലയിൽ ചില ഉദ്യോഗസ്ഥർ വ്യക്തിതാത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതായും പൊതുസ്വത്ത് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സാമൂഹിക, സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ രംഗത്ത് പ്രത്യാഘാതങ്ങൾക്ക് കാരണമാകും. താഴെതട്ടുമുതൽ മേൽതട്ടുവരെയുള്ള അഴിമതിക്കാരായ ആരെയും സംരക്ഷിക്കില്ല. അത്തരം ഉദ്യോഗസ്ഥരെ കുറിച്ചുള്ള പരാതികൾ പരിശോധിക്കുകയാണ് സമിതിയുടെ ലക്ഷ്യം. അവരെ പിടികൂടാനും യാത്രാവിലക്ക് ഏർപ്പെടുത്താനും എകൗണ്ട് മരവിപ്പിക്കാനും സമിതിക്ക് അധികാരമുണ്ടാകും.സമിതിയിൽ കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ്, ദേശീയ അഴിമതി വിരുദ്ധ സമിതി, ജനറൽ ഓഡിറ്റിംഗ് ബ്യൂറോ, ജനറൽ പ്രോസിക്യൂഷൻ, ദേശീയ സുരക്ഷാ വിഭാഗം എന്നിവയുടെ തലവൻമാർ സമിതിയിൽ അംഗമായിരിക്കും.