കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയെ കുറിച്ച് ആരും ഭയപ്പെടേണ്ടെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ജല്‍പയ്ഗുഡിയില്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ബംഗാളിലെ ബിജെപി ഒരു കലാപ കലുഷിത ഗുജറാത്ത് ആക്കിമാറ്റാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ അവര്‍ വെല്ലുവിളിക്കുകയും ചെയ്തു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റേയും കലാപത്തിന്റേയും ഒരു മതം സൃഷ്ടിച്ചിരിക്കുകയാണ് ബിജെപിയെന്നും അവര്‍ പറഞ്ഞു. 'കേന്ദ്ര സേനയെ ഇറക്കിയും ഉന്നത ഓഫീസര്‍മാരെ സ്ഥലം മാറ്റിയും നമ്മെ ഭയപ്പെടുത്താനാണ് ശ്രമമെങ്കില്‍ അവര്‍ക്കു തെറ്റി,' മമത പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ടതല്ലെന്നും കുറ്റവാളികളും ഗുണ്ടകളുമാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതെന്നും മമത പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത ഗുണ്ടകളാണ് നഡ്ഡയോടൊപ്പം ഉണ്ടായിരുന്നത്. ഇത്തരം ഗുണ്ടകള്‍ സ്വതന്ത്രരായി വിഹരിക്കുന്നത് കാണുമ്പോള്‍ ജനങ്ങള്‍ പ്രകോപിതരാകുമെന്നും മമത പറഞ്ഞു.