2019 ൽ അരങ്ങൊഴിഞ്ഞ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവേയ്‌സ് ഇപ്പോഴിതാ തിരിച്ചുവരവിന്റെ പാതയിലാണ്.
നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലായിരുന്ന ജെറ്റ് എയർവേയ്‌സിനെ യു.എ.ഇയിലെ ബിസിനസുകാരനായ മുരാരി ലാൽ ജലാനും ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൽറോക്ക് കാപിറ്റലും നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് ഏറ്റെടുത്ത് തിരികെ സർവീസിലേക്ക് കൊണ്ടുവരുന്നത്. 44,000 കോടി ക്ലെയിം തേടുന്ന 21,000 ത്തോളം കടക്കാരാണ് എയർലൈനുള്ളത്.
മുൻപുണ്ടായിരുന്ന പോലെ ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിൽ നിന്നും അതോടൊപ്പം തന്നെ രാജ്യാന്തര തലത്തിലും സർവീസ് നടത്താനാണ് പദ്ധതി.
പുനരുദ്ധാരണ പദ്ധതികൾക്ക് ജെറ്റ് എയവേയ്‌സ് കമ്മിറ്റി അംഗീകാരം നൽകി. കടബാധ്യത കൈകാര്യം ചെയ്യുന്ന നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.ടി) അനുമതി കൂടി ലഭിച്ചാൽ 2021 മെയ് മാസത്തോടെ പ്രവർത്തനം പുനരാരംഭിക്കാനാണ് ആലോചന.
ജെറ്റ് എയർവേയ്‌സിന്റെ പൂർവകാല കീർത്തിയിലേക്ക് തിരികെ കൊണ്ടുവരാനുളള ശ്രമങ്ങൾ ജെറ്റ് 2.0 എന്ന പേരിലുള്ള പദ്ധതിയാക്കിയാണ് അവതരിപ്പിക്കുന്നത്. ഒരിക്കൽ രാജ്യത്ത് ഏറ്റവുമധികം സർവീസുകൾ നടത്തിയിരുന്ന കമ്പനിയായിരുന്ന ജെറ്റ് എയർവേയ്‌സ് പദ്ധതികൾ കൃത്യമായി നടന്നാൽ 2021 മാർച്ച് മാസത്തോടെ പ്രവർത്തനക്ഷമമാകും.
മുൻപത്തെ പോലെ ന്യൂദൽഹി, മുംബൈ, ബംഗളൂരു എന്നീയിടങ്ങൾ ഹബ്ബുകളാക്കിയാകും ജെറ്റ് എയർവേയ്‌സ് പ്രവർത്തിക്കുക. ഇതോടൊപ്പം ചെറുപട്ടണങ്ങളിൽ സെക്കണ്ടറി ഹബ്ബുകകളും കാർഗോ വിമാന സർവീസുകളും ആരംഭിക്കുവാൻ പദ്ധതിയുണ്ട്.
ഏവിയേഷൻ രംഗത്ത് 25 വർഷത്തെ പ്രവർത്തന പാരമ്പര്യമാണ് ജെറ്റ് എയർവേയ്‌സിന് ഉള്ളത്. ഒരിക്കൽ 120 വിമാനങ്ങളുള്ള ശക്തമായ എയർലൈനിന് ഇന്ന് അവശേഷിക്കുന്നത് ആറ് ബോയിംഗ് 777 വിമാനങ്ങളും മൂന്ന് ബോയിംഗ് 737-800 വിമാനങ്ങളും രണ്ട് എയർബസ് എ 330 വിമാനങ്ങളുമാണ്. വീണ്ടും പ്രവർത്തനമാരംഭിച്ച് 5 വർഷം കൊണ്ട് 100 വിമാനങ്ങൾ എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
എല്ലാ റൂട്ടുകളിലെയും മികച്ച സർവീസിനൊപ്പം ജെറ്റ് എയർവേയ്‌സിന്റെ പോയ പ്രതാപം വീണ്ടെടുക്കാനും പുതിയ പദ്ധതികൾ സഹായകമായാൽ ഏവിയേഷൻ രംഗത്തെ ലോകം കണ്ട മികച്ച തിരിച്ചു വരവായിരിക്കും ജെറ്റ് എയർവേയ്‌സിന്റേത്.
കോവിഡ് പ്രതിസന്ധി മൂലം ലോകത്തെ ഒട്ടുമിക്ക വ്യോമയാന ഗതാഗത കമ്പനികളും കഷ്ടപ്പെടുമ്പോഴാണ് കടംകയറി മുങ്ങിപ്പോയ ജെറ്റ് എയർവേയ്‌സ് തിരികെ വരുന്നത്.