ന്യൂദൽഹി- ഉത്തർപ്രദേശ് അസംബ്ലിയിലേക്ക് 2022-ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാർട്ടി നേതാവും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പാർട്ടി അധികാരത്തിലെത്തിയാൽ അഴിമതി രഹിത സർക്കാറുണ്ടാക്കുമെന്നും കെജ്രിവാൾ വാഗ്ദാനം നൽകി. കഴിഞ്ഞ എട്ടുവർഷമായി ദൽഹിയിൽ അധികാരത്തിലിരിക്കുന്ന ആം ആദ്മി ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിച്ചുവെന്ന് കെജ്രിവാൾ വ്യക്തമാക്കി. നിലവിൽ പഞ്ചാബിൽ മുഖ്യപ്രതിപക്ഷമാണ് ആം ആദ്മി. ഇന്ന് മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി നടത്തുകയാണ് എന്ന് പറഞ്ഞാണ് ഉത്തർപ്രദേശിൽ മത്സരിക്കാനുള്ള തീരുമാനം കെജ്രിവാൾ നടത്തിയത്.