ലഖ്‌നൗ- വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേയക്ക് വലിച്ചിഴച്ച് കൊണ്ടുപോയതിനെ തുടര്‍ന്ന് വധു വിവാഹത്തിനിന്നും പിന്‍മാറി. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ബറേലി സ്വദേശിയായ വരനും കനൗജ് സ്വദേശിയായ വധുവും തമ്മിലായിരുന്നു വിവാഹം. വധുവും കുടുംബവും വിവാഹ വേദിയില്‍ എത്തിയപ്പോള്‍ വരന്റെ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് നൃത്തവേദിയിലേയ്ക്ക് വധുവിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.ഇതോടെ ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. വിവാഹത്തില്‍നിന്നും പിന്‍മാറാന്‍ വധു തീരുമാനിയ്ക്കുകയായിരുന്നു. മകളെ ബഹുമാനിയ്ക്കാന്‍ കഴിയാത്ത ഒരാളെ വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കാനാകില്ല എന്ന് വധുവിന്റെ പിതാവും നിലപാട് സ്വീകരിച്ചു. പിന്നാലെ വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിനെതിരെ സ്ത്രീധന പരാതിയും നല്‍കി. 6.5 ലക്ഷം രൂപ തിരികെ നല്‍കാം എന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇരു പക്ഷവും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു. വരന്റെ കുടുംബം വിവാഹത്തിന് വീണ്ടും താല്‍പര്യം അറിയിച്ചെങ്കിലും വധു ഇത് തള്ളി.